നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുതിർന്ന നേതാക്കൾക്ക് സീറ്റ് ലഭിക്കാത്തതും, അർഹമായ മണ്ഡലങ്ങൾ നൽകാത്തതുമാണ് പ്രതിഷേധത്തിന് കാരണമായത്.
തൃശ്ശൂർ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഇത്തവണ താൻ മത്സരരംഗത്തുണ്ടാകില്ലെന്ന് എം.ടി രമേശ് വ്യക്തമാക്കി. തൃശ്ശൂരിൽ ഏറെക്കാലമായി പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു അദ്ദേഹം. സമാനമായ രീതിയിൽ ഗോപാലകൃഷ്ണൻ, കുമ്മനം രാജശേഖരൻ, ജെ.ആർ പത്മകുമാർ തുടങ്ങിയ മുതിർന്ന നേതാക്കളും പട്ടികയിൽ നിന്ന് പുറത്തായതിൽ അതൃപ്തിയിലാണ്. കൊടുങ്ങല്ലൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപി പ്രവർത്തകർ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർത്തുന്നുണ്ട്.
ചെങ്ങന്നൂരിൽ കഴിഞ്ഞ തവണ പരാജയപ്പെട്ട സ്ഥാനാർത്ഥിയെ തന്നെ വീണ്ടും നിർത്തിയതിൽ പ്രാദേശിക ഘടകത്തിൽ അമർഷം നിലനിൽക്കുന്നു. തൃപ്പൂണിത്തുറ സീറ്റ് ഘടകകക്ഷിയായ ബിഡിജെഎസിന് നൽകിയതും ബിജെപി അണികളെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾക്കിടെ, ബാക്കിയുള്ള മണ്ഡലങ്ങളിലെ അന്തിമ സ്ഥാനാർത്ഥി പട്ടിക ഇന്ന് ഡൽഹിയിൽ നടക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചു.