നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. പല സീറ്റുകളിലും തർക്കം തുടരുന്നതിനിടെ, സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനായി കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി (CEC) ഇന്ന് വൈകുന്നേരം യോഗം ചേരും. കണ്ണൂർ സീറ്റിൽ തന്നെ മത്സരിക്കണമെന്ന നിലപാടിൽ കെ. സുധാകരൻ ഉറച്ചുനിൽക്കുന്നത് പാർട്ടി നേതൃത്വത്തിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്.
കണ്ണൂരിൽ ഇത്തവണ താൻ തന്നെ മത്സരിക്കുമെന്ന നിലപാടിൽ നിന്നും ഒരിഞ്ച് പിന്നോട്ടില്ലെന്ന് കെ. സുധാകരൻ വ്യക്തമാക്കി. ഇന്നലെ രാത്രി കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ സുധാകരനുമായി ചർച്ച നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശത്തിൽ സുധാകരന് ഇളവ് നൽകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. തന്റെ നിലപാട് വ്യക്തമാക്കാൻ സുധാകരൻ ഇന്ന് ഡൽഹിയിൽ മാധ്യമങ്ങളെ കാണും. അനുകൂല തീരുമാനമില്ലെങ്കിൽ എം.പി സ്ഥാനം രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കുമോ എന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് അദ്ദേഹം നീങ്ങുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
കൊച്ചി മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ ചൊല്ലി ഉന്നത നേതാക്കൾക്കിടയിൽ തന്നെ ഭിന്നതയുണ്ട്. എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തുണ്ട്. എന്നാൽ ദീപ്തി മേരി വർഗീസിനെ മത്സരിപ്പിക്കണമെന്നാണ് കെ.സി വേണുഗോപാലിന്റെ നിലപാട്.
പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നൽകേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. തുടർന്ന് എൽദോസ് നേരിട്ട് ഡൽഹിയിലെത്തി നേതാക്കളുമായി ചർച്ച നടത്തിവരികയാണ്.
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര, നെടുമങ്ങാട് മണ്ഡലങ്ങളിലും തർക്കം നിലനിൽക്കുന്നുണ്ട്. അരുവിക്കരയിൽ ശബരിനാഥും വി.എസ് ശിവകുമാറും തമ്മിലാണ് പ്രധാന മത്സരം. കോന്നി, കാസർഗോഡ് ജില്ലയിലെ മണ്ഡലങ്ങൾ എന്നിവയിലും അന്തിമ തീരുമാനമായിട്ടില്ല.
ഇന്നലെ 55 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. ബാക്കിയുള്ള 38 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഇന്നത്തെ നിർണ്ണായക യോഗത്തിന് ശേഷം പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് നീക്കം. തർക്കങ്ങൾ പരിഹരിച്ച് ഇന്ന് രാത്രിയോടെ മുഴുവൻ പട്ടികയും പുറത്തിറക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.