വിമാനയാത്രക്കാർ നേരിടുന്ന അമിത നിരക്കുകൾക്കും മറഞ്ഞിരിക്കുന്ന ചാർജുകൾക്കും കടിഞ്ഞാണിടാൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനങ്ങളിലെ ആകെ സീറ്റുകളിൽ കുറഞ്ഞത് 60 ശതമാനത്തിനെങ്കിലും സീറ്റ് സെലക്ഷൻ ചാർജ് പോലുള്ള അധിക നിരക്കുകൾ ഈടാക്കരുതെന്ന് മന്ത്രാലയം വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി.
യാത്രക്കാർക്ക് സീറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ നേരിടേണ്ടി വരുന്ന അമിത സാമ്പത്തിക ബാധ്യത ഒഴിവാക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യം. നിലവിൽ പല മുൻനിര സീറ്റുകൾക്കും വിൻഡോ സീറ്റുകൾക്കും വിമാനക്കമ്പനികൾ വലിയ തുക അധികമായി ഈടാക്കാറുണ്ട്. ഈ രീതിക്കാണ് കേന്ദ്രം ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പുതിയ നിർദ്ദേശപ്രകാരം, ഒരേ പി.എൻ.ആർ (PNR) നമ്പറിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരെ വിമാനങ്ങളിൽ ഒരുമിച്ചിരുത്താൻ കമ്പനികൾ പ്രത്യേകം ശ്രദ്ധിക്കണം. പലപ്പോഴും കുടുംബാംഗങ്ങളെയും ചെറിയ കുട്ടികളെയും പോലും വെവ്വേറെ സീറ്റുകളിലിരുത്തുന്ന രീതി വ്യാപകമാണെന്ന പരാതിയെത്തുടർന്നാണ് ഈ തീരുമാനം.
ടിക്കറ്റുകൾ റദ്ദാക്കപ്പെടുമ്പോഴോ, വിമാനക്കമ്പനികൾ ബോർഡിംഗ് നിഷേധിക്കുമ്പോഴോ യാത്രക്കാർക്ക് ലഭിക്കേണ്ട നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഈ അവകാശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും വിമാനത്താവളങ്ങളിലെ ടിക്കറ്റ് കൗണ്ടറുകളിലും എല്ലാവർക്കും കാണാവുന്ന രീതിയിൽ വ്യക്തമായി പ്രദർശിപ്പിക്കണം.വിമാനയാത്ര കൂടുതൽ സുതാര്യമാക്കാനും യാത്രക്കാരെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കാനും പുതിയ പരിഷ്കാരങ്ങൾ സഹായിക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.