Share this Article
News Malayalam 24x7
ഫലം വന്ന് 6 ദിവസം... മൂന്നിൽ ആര് മുഖ്യൻ ? നിർണായക തീരുമാനം ഇന്ന്
Who will be Kerala's Next Chief Minister?

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ നടക്കും. വി.ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നീ നേതാക്കൾ ചർച്ചകൾക്കായി ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ എഐസിസി നിരീക്ഷകർ എംഎൽഎമാരിൽ നിന്നും എംപിമാരിൽ നിന്നും അഭിപ്രായങ്ങൾ തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് സമർപ്പിച്ചു. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാകും ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുക.


മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും മൂന്ന് പേരുകളാണ് ഉയർന്നു കേൾക്കുന്നത്. വി.ഡി സതീശന് യുവാക്കൾക്കിടയിലും സാധാരണ ജനങ്ങൾക്കിടയിലും വലിയ പിന്തുണയുണ്ട്. സതീശനെ പിന്തുണച്ചുകൊണ്ടുള്ള നിരവധി പോസ്റ്ററുകളും സോഷ്യൽ മീഡിയ ക്യാമ്പയിനുകളും സജീവമാണ്. അതേസമയം, എംഎൽഎമാരുടെ പിന്തുണയും സംഘടനാരംഗത്തെ കരുത്തും കെ.സി വേണുഗോപാലിന് അനുകൂലമായ ഘടകങ്ങളാണ്. മുതിർന്ന നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ പേരും സജീവമായി പരിഗണനയിലുണ്ട്.


ഇന്ന് പുലർച്ചെ ഡൽഹിയിലെത്തിയ വി.ഡി സതീശന് കേരള ഹൗസിൽ യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകർ വൻ സ്വീകരണമാണ് നൽകിയത്. എന്നാൽ രമേശ് ചെന്നിത്തല കേരള ഹൗസിന് പകരം മറ്റൊരു കേന്ദ്രത്തിലാണ് താമസിക്കുന്നത്. മൂന്ന് നേതാക്കളുമായും ഹൈക്കമാൻഡ് ഇന്ന് വ്യക്തിപരമായി ചർച്ചകൾ നടത്തും.


സംഘടനയ്ക്കുള്ളിലെ കെട്ടുറപ്പും ജനപിന്തുണയും ഒരേപോലെ പരിഗണിച്ചുകൊണ്ട് ഒരു സമവായത്തിലെത്താനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. ഇന്ന് ചർച്ചകൾ വിജയിക്കുകയാണെങ്കിൽ രാത്രിയോടെ തന്നെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories