Share this Article
News Malayalam 24x7
ഇലക്ട്രിക് വാഹന ചാർജിംഗിനിടെ സ്ഫോടനം; ഇൻഡോറിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു
Seven Family Members Dead Following Explosion During Electric Vehicle Charging

മധ്യപ്രദേശിലെ ഇൻഡോറിൽ ഇലക്ട്രിക് വാഹന ചാർജിംഗിനിടെയുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. ഇൻഡോറിലെ രജേശ്വരി അനക്സ് കോളനിയിൽ ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടം.

വീടിന് പുറത്തെ ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റിൽ നിന്നാണ് ആദ്യ സ്ഫോടനം ഉണ്ടായതെന്ന് കരുതപ്പെടുന്നു. സ്ഫോടനത്തിന് പിന്നാലെ തീ അതിവേഗം മൂന്ന് നിലകളുള്ള വീടിനുള്ളിലേക്ക് പടരുകയായിരുന്നു. തീ ആളിപ്പടർന്നതോടെ വീടിനുള്ളിലുണ്ടായിരുന്ന പാചകവാതക സിലിണ്ടറുകൾ കൂടി പൊട്ടിത്തെറിച്ചത് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.


വാതിലുകളിൽ ഇലക്ട്രോണിക് ലോക്കുകൾ ഉണ്ടായിരുന്നതാണ് രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമായതെന്ന് പോലീസ് പറഞ്ഞു. ഷോർട്ട് സർക്യൂട്ട് മൂലം വൈദ്യുതി ബന്ധം നിലച്ചതോടെ ഇലക്ട്രോണിക് ലോക്കുകൾ പ്രവർത്തിക്കാതായതും, വീടിനുള്ളിൽ കുടുങ്ങിയവർക്ക് പുറത്തിറങ്ങാൻ കഴിയാതിരുന്നതും മരണസംഖ്യ ഉയരാൻ കാരണമായി. പുറത്തുനിന്നുള്ളവർക്കും അകത്തേക്ക് പ്രവേശിക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.


അപകടസമയത്ത് വീടിനുള്ളിൽ പത്ത് പേരാണ് ഉണ്ടായിരുന്നത്. അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ കഠിന ശ്രമത്തിനൊടുവിൽ മൂന്ന് പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഫോടനത്തിൽ പെട്ട ഒരു കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടിക്കായി അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories