Share this Article
News Malayalam 24x7
നിയമസഭയിൽ ചോദ്യോത്തരവേള റദ്ദാക്കി
Kerala Assembly Session Disrupte

ശബരിമല സ്വർണകവർച്ച കേസിലെ അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നടത്തിയ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് സഭയുടെ ചോദ്യോത്തരവേള റദ്ദാക്കി. അന്വേഷണം ശരിയായ ദിശയിലല്ലെന്നും ഇതിൽ പ്രതിഷേധിച്ച് സമരം നിയമസഭയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ സ്പീക്കറുടെ ഡയസിനു മുന്നിൽ ബാനറുകൾ ഉയർത്തി പ്രതിഷേധിച്ച പ്രതിപക്ഷം, ഇന്ന് നടുത്തളത്തിൽ ഇരുന്നാണ് പ്രതിഷേധിച്ചത്. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിൽ നിലയുറപ്പിച്ചതോടെ സഭാ നടപടികൾ തടസ്സപ്പെട്ടു. കേസിലെ തൊണ്ടിമുതൽ അടക്കമുള്ള പ്രധാന തെളിവുകൾ കണ്ടെത്താൻ 90 ദിവസമായിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കഴിഞ്ഞിട്ടില്ലെന്ന് സതീശൻ ആരോപിച്ചു. ഇത്തരത്തിൽ അന്വേഷണം മുന്നോട്ട് പോയാൽ പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


അന്വേഷണം ശരിയായ ദിശയിലാണെന്ന ഹൈക്കോടതിയുടെ കഴിഞ്ഞ ദിവസത്തെ പരാമർശം ചൂണ്ടിക്കാട്ടിയാണ് സർക്കാർ പ്രതിപക്ഷത്തെ നേരിട്ടത്. അന്വേഷണ സംഘത്തിന് കൂടുതൽ സമയം നൽകണമെന്ന് മാത്രമാണ് കോടതി പറഞ്ഞതെന്ന് മന്ത്രി എം.ബി. രാജേഷ് ഓർമ്മിപ്പിച്ചു. സത്യം മുഖത്തടിക്കുമ്പോൾ പ്രതിപക്ഷം കണ്ണടയ്ക്കുകയാണെന്നും, കേസിൽ ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയത് 2017-ൽ യുഡിഎഫ് ഭരണകാലത്താണെന്നും മന്ത്രി തിരിച്ചടിച്ചു.


സർക്കാർ ചർച്ചയ്ക്ക് തയ്യാറായിട്ടും പ്രതിപക്ഷം സഹകരിക്കാത്തത് നിർഭാഗ്യകരമാണെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. പതിനഞ്ചാം കേരള നിയമസഭയിൽ ഇതുവരെ 18 അടിയന്തര പ്രമേയങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും, ഒരു സഭയുടെ ചരിത്രത്തിലും ഇത്രയേറെ അനുമതി നൽകിയിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സഭ ചർച്ചകൾക്കുള്ള വേദിയാണെന്നും അത് തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.


പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ സ്പീക്കർ ചോദ്യോത്തരവേള റദ്ദാക്കി, മറ്റ് സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി. സബ്മിഷനുകളും ശ്രദ്ധക്ഷണിക്കലുകളും മേശപ്പുറത്ത് വെച്ചതായി അറിയിച്ചു. എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി പ്രത്യേക പ്രസ്താവന നടത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories