ഗ്രേറ്റർ നോയിഡയിലെ ആഡംബര ഫ്ലാറ്റിൽ മദ്യപാനത്തിനിടയുണ്ടായ തർക്കത്തെത്തുടർന്ന് ദക്ഷിണ കൊറിയൻ സ്വദേശിയായ യുവാവ് കുത്തേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ പെൺസുഹൃത്തായ മണിപ്പൂർ സ്വദേശി ലൂചിനെ (ലുഞ്ചീന) പൊലീസ് അറസ്റ്റ് ചെയ്തു.
നോയിഡയിലെ ഒരു പ്രമുഖ മൊബൈൽ കമ്പനിയിൽ മാനേജരായി ജോലി ചെയ്തുവരികയായിരുന്ന ദക്ഷിണ കൊറിയൻ സ്വദേശിയായ ഡക്ക്ഹിയു (ഡഗഹിയു) ആണ് കൊല്ലപ്പെട്ടത്. ലൂചിനും ഡക്ക്ഹിയുവും ദീർഘനാളായി ഈ ഫ്ലാറ്റിൽ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ഇരുവരും മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ ലൂചിൻ യുവാവിനെ കുത്തുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ യുവതി തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെയെത്തും മുൻപ് മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഡക്ക്ഹിയു സ്ഥിരമായി മദ്യപിച്ച് തന്നെ ഉപദ്രവിക്കാറുണ്ടെന്നും സംഭവദിവസവും മർദ്ദിച്ചപ്പോൾ പ്രകോപിതയായാണ് തിരിച്ചാക്രമിച്ചതെന്നുമാണ് ലൂചിൻ പൊലീസിന് നൽകിയ മൊഴി. യുവാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല കുത്തിയതെന്നും യുവതി മൊഴിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.