Share this Article
News Malayalam 24x7
മെസ്സിയെ കാണാൻ ഖത്തറിലേക്ക് പോയ മലയാളി യുവാവിന്റെ കഥ ലോകസിനിമയിലേക്ക്; '52 ബ്ലൂ'യിൽ നായകനായി യാദവ് ശശിധർ
Yadav Shashidhar

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ നേരിൽ കാണണമെന്ന സ്വപ്നവുമായി ഖത്തറിലേക്ക് യാത്രതിരിച്ച ഒരു മലയാളി യുവാവിന്റെ യഥാർത്ഥ ജീവിതകഥ അന്താരാഷ്ട്ര സിനിമയായി ലോകശ്രദ്ധ നേടുന്നു. പ്രശസ്ത ഈജിപ്ഷ്യൻ സംവിധായകൻ അലി എൽ അറബി സംവിധാനം ചെയ്ത '52 ബ്ലൂ' (52 Blue) എന്ന ചിത്രത്തിൽ മലയാളിയായ യാദവ് ശശിധറാണ് നായകവേഷത്തിലെത്തുന്നത്.

2026-ലെ ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്റെ (LIFF) ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച '52 ബ്ലൂ'യ്ക്ക് മികച്ച അന്താരാഷ്ട്ര പ്രതികരണമാണ് ലഭിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ചലച്ചിത്രപ്രേമികളുടെയും നിരൂപകരുടെയും ശ്രദ്ധ നേടിയ ചിത്രം, വരും മാസങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും പ്രദർശിപ്പിക്കും.

കൊച്ചിക്കടുത്തുള്ള ഒരു ചെറിയ ദ്വീപിൽ താമസിക്കുന്ന 23-കാരനായ ആശിഷ് എന്ന യുവാവിന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. അന്തരിച്ച സഹോദരന്റെ ഓർമയ്ക്കായി, തന്റെ ഏറ്റവും വലിയ സ്വപ്നമായ ലയണൽ മെസ്സിയെ നേരിൽ കാണാൻ ഖത്തറിലേക്ക് യാത്രതിരിക്കുന്ന ആശിഷിന്റെ അതിജീവനവും ആത്മാന്വേഷണവുമാണ് കഥയുടെ ആധാരം.

ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരാളാണെന്ന് പറഞ്ഞാണ് ആശിഷ് ഖത്തറിലെത്തുന്നത്. എന്നാൽ പിന്നീട് സ്റ്റേഡിയം ജീവനക്കാരനായി ജോലി ചെയ്യേണ്ടിവരുന്നതും, ആ അനുഭവങ്ങളിലൂടെ ലോകത്തെയും സ്വന്തം ജീവിതത്തെയും പുതിയ കാഴ്ചപ്പാടിൽ തിരിച്ചറിയുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

2022-ലെ ഖത്തർ ഫിഫ ലോകകപ്പിനിടെ സംവിധായകൻ അലി എൽ അറബി യാദൃച്ഛികമായി കണ്ടുമുട്ടിയ ഇന്ത്യൻ തൊഴിലാളിയുടെ ജീവിതത്തിൽ നിന്നാണ് '52 ബ്ലൂ'യ്ക്ക് പ്രചോദനമായത്. ഖത്തർ ലോകകപ്പിന്റെ തത്സമയ പശ്ചാത്തലത്തിൽ സ്റ്റേഡിയങ്ങൾക്കുള്ളിൽ ചിത്രീകരിച്ച അപൂർവ ഫീച്ചർ ഫിലിം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

തിരുവനന്തപുരം സ്വദേശിയായ യാദവ് ശശിധർ ഇതിനുമുമ്പ് 'പതിനെട്ടാം പടി', 'മൂൺവാക്ക്' എന്നീ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ പന്ത്രണ്ടിലധികം പരസ്യചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

2020-ൽ കൊച്ചിയിൽ നടന്ന ഒരു ഓഡിഷനിലൂടെയാണ് യാദവ് '52 ബ്ലൂ' എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2022 ഏപ്രിലിൽ ചിത്രത്തിൽ അഭിനയിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. തുടക്കത്തിൽ ഒരു ഡോക്യുമെന്ററിയായാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ 2022 നവംബർ പകുതിയോടെ കഥയുടെ സാധ്യതകൾ കൂടുതൽ വികസിപ്പിച്ച് അത് ഒരു ഫീച്ചർ സിനിമയാക്കി മാറ്റുകയായിരുന്നു.

2024-ൽ ലയണൽ മെസ്സിയെ നേരിൽ കാണാൻ യാദവിന് അവസരം ലഭിക്കുകയും, അത് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായിരുന്നുവെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചു.

ചിത്രത്തിൽ ബോളിവുഡ് താരം നേഹ ധൂപിയ ആശിഷിന്റെ അമ്മയായ ലക്ഷ്മിയായി എത്തുമ്പോൾ, 'ലൈഫ് ഓഫ് പൈ' യിലൂടെ ശ്രദ്ധേയനായ അദിൽ ഹുസൈൻ അച്ഛന്റെ വേഷം കൈകാര്യം ചെയ്യുന്നു. സനൽ അമൻ, ആര്യ അപ്പുക്കുട്ടൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അന്താരാഷ്ട്ര നിർമ്മാണ കമ്പനിയായ Ambient Light Films നിർമ്മിച്ച ചിത്രത്തിന്റെ യൂറോപ്യൻ പ്രീമിയർ ലണ്ടനിലെ BFI Southbankൽ നടന്നു. സംവിധായകൻ അലി എൽ അറബി, നേഹ ധൂപിയ, യാദവ് ശശിധർ എന്നിവർ ചടങ്ങിൽ റെഡ് കാർപെറ്റിൽ പങ്കെടുത്തു. വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പ്രദർശനങ്ങൾക്ക് ശേഷം '52 ബ്ലൂ' തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories