Share this Article
News Malayalam 24x7
8.4 ഓവറിൽ ലക്ഷ്യത്തിലെത്തി; പാകിസ്ഥാനെതിരെ ഇന്ത്യൻ വനിതകൾക്ക് ഉജ്ജ്വല വിജയം
വെബ് ടീം
1 hours 35 Minutes Ago
1 min read
asia cup

ദുബായ്: വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെ തകർത്ത് ഏഴ് വിക്കറ്റ് വിജയം സ്വന്തമാക്കി ഇന്ത്യ. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും വിജയം നേടി ഇന്ത്യ സെമിയിലേക്ക് കടന്നു. 56റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 8.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 57 റൺസെടുത്ത് ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 18 റൺസോടെ പുറത്താകാതെ നിന്നു.

ചെറിയ വിജയലക്ഷ്യത്തിനു ഇറങ്ങിയ  ഇന്ത്യ തുടക്കത്തിൽ പതറി. ഫാത്തിമ സന എറിഞ്ഞ രണ്ടാം ഓവറിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഷഫാലി വർമ 12 റൺസെടുത്തും പ്രതിക റാവൽ നാലുറൺസെടുത്തും മടങ്ങി. അതോടെ ഇന്ത്യ 18-2 എന്ന നിലയിലായി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഹർമൻപ്രീത് കൗറും സ്മൃതി മന്ദാനയുമാണ് പിന്നീട് ഇന്ത്യൻ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയത്. എന്നാൽ മന്ദാനയെയും പുറത്താക്കി ഫാത്തിമ സന പാകിസ്താന് ചെറിയ പ്രതീക്ഷ സമ്മാനിച്ചു. ഒൻപത് റൺസെടുത്താണ് മന്ദാന മടങ്ങിയത്.എന്നാൽ നാലാം വിക്കറ്റിൽ ഹർമൻപ്രീതും ദീപ്തിയും ചേർന്ന് ഇന്ത്യയെ അനായാസം ജയത്തിലെത്തിച്ചു. ഹർമൻപ്രീത് 18 റമ്‍സും ദീപ്തി 12 റൺസുമെടുത്ത് പുറത്താകാതെ നിന്നു, പാകിസ്താനായി ഫാത്തിമ സന മൂന്നുവിക്കറ്റെടുത്തു.

ടോസ് നേടി തെരഞ്ഞെടുത്ത പാകിസ്ഥാനെ ഇന്ത്യൻ ബൗളർമാർ 18.1 ഓവറിൽ വെറും 55 റൺസിന് എറിഞ്ഞൊതുക്കി.വനിതാ ട്വന്റി20 മത്സരങ്ങളിൽ പാകിസ്ഥാന്റെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. 2024ൽ ദുബായിൽ വെച്ച് തന്നെ ന്യൂസിലാൻഡിനെതിരെ വഴങ്ങിയ 56 റൺസായിരുന്നു ഇതിനുമുമ്പുള്ള കുറഞ്ഞ സ്കോർ. ഇന്ത്യക്കെതിരെയും പാകിസ്ഥാന്റെ ഏറ്റവും താഴ്ന്ന സ്കോറാണിത്.3 വിക്കറ്റ് വീതം വീഴ്ത്തിയ പ്രേമ റാവത്തും ശ്രീ ചരണിയുമാണ് പാക് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ദീപ്തി ശർമ്മ രണ്ടും ഷഫാലി വർമ്മ ഒരു വിക്കറ്റും വീഴ്ത്തി.14 റൺസെടുത്ത ഷവാൽ സുൽഫിക്കറും 13 റൺസെടുത്ത വിക്കറ്റ് കീപ്പർ മുനീബ അലിയും ഒഴികെ പാക് നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ക്യാപ്റ്റൻ ഫാത്തിമ സന, ഗുൾ ഫിറോസ, നഷ്ര സന്ധു, സാദിയ ഇക്ബാൽ എന്നിവർ റണ്ണൊന്നുമെടുക്കാതെ പുറത്തായി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories