ന്യൂഡൽഹി: അഫ്ഗാനിസ്താനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യയ്ക്ക് 157റൺസ് വിജയലക്ഷ്യം. നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടത്തിലാണ് ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ ബോളിങ് തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്.
തീരുമാനത്തെ ശരി വയ്ക്കുംവിധം ബുംറ ആദ്യ ഓവറിൽ തന്നെ റഹ്മാനുള്ള ഗുർബാസിന്റെ വിക്കറ്റ് വീഴ്ത്തി. പിന്നാലെ നാലാം ഓവറിൽ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ (11) റണ്ണൗട്ടായതോടെ അഫ്ഗാൻ പതറി. അഞ്ചാം ഓവറിൽ സെദിക്കുള്ള അടലിനെ (13) അർഷ്ദീപും മടക്കി. ഗുൽബാദിൻ നയ്ബ് (2), ഡാർവിഷ് റസൂലി (2) എന്നിവരും പെട്ടെന്ന് പുറത്തായതോടെ അഫ്ഗാൻ അഞ്ചിന് 43 റൺസെന്ന നിലയിലേക്ക് വീണു.
അഫ്ഗാന്റെ അസ്മത്തുള്ള ഒമർസായി താളം കണ്ടെത്തി നിലയുറപ്പിച്ചത് മോശം സ്‌കോറിൽ നിന്ന് കരകയറ്റി.ഒമർസായി 44പന്തിൽ 64റൺസ് നേടി നെടുംതൂണായി. 33റൺസോടെ കൂട്ടിനു മുഹമ്മദ് നബിയും ആയതോടെ സ്കോർ ബോർഡിൽ അത്യാവശ്യം റണ്ണായി. അഫ്ഗാൻ 8 വിക്കറ്റ് നഷ്ടത്തിൽ 156റൺസാണ് നേടിയത്. അർഷദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി മത്സരത്തിന് മുൻപ് ഇന്ത്യയുടെ ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിച്ചു. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-അഫ്ഗാനിസ്താൻ ഒന്നാം ട്വന്റി-20 മത്സരത്തിന് മുന്നോടിയായാണ് ദേശീയ ഗാനമായ 'ജനഗണമന'യ്ക്ക് മുൻപായി ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിച്ചത്. ഇതാദ്യമായാണ് ഇന്ത്യയിൽ നടക്കുന്ന ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ ദേശീയ ഗാനത്തിന് മുൻപ് ദേശീയഗീതം ആലപിക്കുന്നത്.