Share this Article
News Malayalam 24x7
ദേവ്ദത്തിനും രാഹുലിനും അര്‍ധ സെഞ്ച്വറി; ഗാലെയില്‍ മികച്ച ബാറ്റിങ്ങുമായി ഇന്ത്യ
വെബ് ടീം
posted on 15-08-2026
1 min read
cricket

ഗാലെ ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ മികച്ച തുടക്കവുമായി ഇന്ത്യ.  ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി അര്‍ധ സെഞ്ച്വറികള്‍ നേടി കെഎല്‍ രാഹുലും ദേവ്ദത്ത് പടിക്കലും. ഉച്ചഭക്ഷണത്തിനു ശേഷം മഴ മാറി കളി പുനരാരംഭിച്ചതിനു പിന്നാലെയാണ് ഇരുവരും അർധ സെഞ്ച്വറി പിന്നിട്ടത്. ബാറ്റിങ് തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെന്ന നിലയിലാണ്.ആദ്യം അര്‍ധ സെഞ്ച്വറി നേടിയത് ദേവ്ദത്താണ്. താരം 81 പന്തില്‍ 50 റണ്‍സ് നേടി. 4 ഫോറും ഒരു സിക്‌സും സഹിതമാണ് താരം അര്‍ധ സെഞ്ച്വറിയിലെത്തിയത്. കരിയറിലെ രണ്ടാം അര്‍ധ സെഞ്ച്വറിയാണ് ദേവ്ദത്ത് ഗാലെയില്‍ കുറിച്ചത്. നിലവില്‍ ദേവ്ദത്ത് 78 റണ്‍സുമായി ക്രീസില്‍.

127 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 50 റണ്‍സെടുത്താണ് രാഹുല്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തിയത്. അമിതാവേശം കാണിക്കാതെ ശ്രദ്ധയോടെയാണ് താരം ഇന്നിങ്‌സ് കെട്ടിപ്പൊക്കിയത്. ടെസ്റ്റ് കരിയറില്‍ രാഹുല്‍ നേടുന്ന 13ാം അര്‍ധ സെഞ്ച്വറിയാണിത്.ഉച്ച ഭക്ഷണത്തിനു പിരിഞ്ഞതിനു പിന്നാലെ മഴ പെയ്‌തതോടെ കുറച്ചു നേരം കളി നിര്‍ത്തി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഉച്ച ഭക്ഷണത്തിനു പിരിഞ്ഞത്.

രാജ്യം 80ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍ നില്‍ക്കുന്ന ദിവസത്തില്‍ ഇന്ത്യ ചരിത്ര പോരാട്ടത്തിന് കൂടിയാണ് ഇറങ്ങിയത്. ഇന്ത്യയുടെ 600ാം ടെസ്റ്റ് മത്സരമാണിത്. ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ടീമുകള്‍ക്കു ശേഷം 600 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന രാജ്യമായി ഇതോടെ ഇന്ത്യ മാറി.അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുകയാണ് ഇന്ത്യയുടെ മുന്നിലുള്ള ആദ്യ ലക്ഷ്യം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories