കൊൽക്കത്തയിലെ രാജ്യാന്തര സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീമിനെതിരെ ബ്രസീലിന് ജയം . എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കാനറികൾ ഇന്ത്യയെ തോല്പിച്ചത് . 28–ാം മിനിറ്റിൽ എസ്തെവോ വില്ലെയ്ൻ 42–ാം മിനിറ്റിൽ പെഡ്രോ, 58–ാം മിനിറ്റിലും അധിക സമയത്തും സാമുവൽ ലിനോ എന്നിവരാണ് ബ്രസീലിന്റെ ഗോൾ സ്കോറർമാർ.
ആദ്യ പകുതിയിലെ ഇരുപത്തിയെട്ട് മിനിട്ടുവരെ പൊരുതിനിന്ന ശേഷമാണ് ഇന്ത്യ ഗോൾ വഴങ്ങിയത്.28-ാം മിനിറ്റിൽ എസ്റ്റാവോ ലീഡെടുത്തു. ബോക്‌സിനുള്ളിൽ നിന്നുള്ള ഒരു വലങ്കാലൻ ഷോട്ട് ഗുർപ്രീത് സിങ് സന്ധുവിനേയും മറികടന്ന് വലയിലെത്തുകയായിരുന്നു.
42-ാം മിനിറ്റിലാണ് പെഡ്രോയുടെ ഗോൾ വന്നത്. ഇന്ത്യൻ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ബോക്‌സിനുള്ളിലേക്ക് കയറിയ പെഡ്രോ അനായാസം ലക്ഷ്യം കണ്ടു. 58-ാം മിനിറ്റിലാണ് സാമുവൽ ലിനോ ലക്ഷ്യം കണ്ടത്. ഇഞ്ചുറി ടൈമിൽ ലിനോ രണ്ടാം ഗോളും കണ്ടെത്തി. ഇതോടെ ബ്രസീലിന്റെ ഗോൾപട്ടിക പൂർത്തിയാക്കി.