അർജന്‍റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ ആരോപണവിധേയരായ ആരോഗ്യപ്രവർത്തകരുടെ വിചാരണക്കിടെ കോടതിയിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഡോക്ടർ. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വെറുമൊരു സാധാരണ 'ഡൈയൂററ്റിക്' (ശരീരത്തിലെ അധിക ദ്രാവകം മൂത്രത്തിലൂടെ പുറന്തള്ളാനുള്ള മരുന്ന്) നൽകിയിരുന്നെങ്കിൽ കേവലം 48 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുമായിരുന്നു എന്ന് ഡോക്ടർ വെളിപ്പെടുത്തി.2000കളുടെ തുടക്കത്തിൽ മറഡോണയെ ചികിത്സിക്കുകയും 2020ൽ അദ്ദേഹത്തിന്റെ പോസ്റ്റ്‌മോർട്ടത്തിൽ പങ്കെടുകയും ചെയ്ത തീവ്രപരിചരണ വിഭാഗം വിദഗ്ദ്ധനായ ഡോ. മാരിയോ ഷീറ്റർ ആണ് വ്യാഴാഴ്ച അർജന്റീനയിലെ സാൻ ഇസിദ്രോ കോടതിയിൽ ഈ പ്രസ്താവന നടത്തിയത്.
'അദ്ദേഹത്തിന്റെ ശരീരത്തിൽ മുഴുവൻ വെള്ളമായിരുന്നു' മറഡോണയുടെ അവസാന നാളുകളിൽ മരണം തടയാൻ എന്ത് ചെയ്യാമായിരുന്നു എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഡോ. ഷീറ്റർ."ഏകദേശം 48 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ അവസ്ഥ വ്യക്തമായി മാറുമായിരുന്നു.ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങളുമായി ഐസിയുവിൽ വരുന്ന ഇത്തരം രോഗികളെ ഞാൻ ദിവസവും കാണാറുള്ളതാണ്. ശരീരത്തിലെ ദ്രാവകത്തിന്റെ അളവ് കുറക്കാൻ ഞങ്ങൾ അവർക്ക് ഡൈയൂററ്റിക്സ് നൽകാറുണ്ട്. മരുന്ന് നൽകി 12 മണിക്കൂർ കഴിയുമ്പോൾ തന്നെ അവർക്ക് വീട്ടിലേക്ക് മടങ്ങാൻ സാധിക്കാറുണ്ട്" -ഡോ. ഷീറ്റർ കോടതിയിൽ പറഞ്ഞു.
പോസ്റ്റ്‌മോർട്ടത്തിൽ പങ്കെടുത്ത മറ്റൊരു ഡോക്ടറായ കാർലോസ് കാസിനെല്ലിയും കഴിഞ്ഞ ആഴ്ച സമാനമായ മൊഴി നൽകിയിരുന്നു.
2020ൽ മറഡോണയുടെ ശസ്ത്രക്രിയക്ക് ശേഷം വീട്ടിലെ പരിചരണത്തിന് ഡോ. ഷീറ്റർ എതിരായിരുന്നു. എന്നാൽ, ആശുപത്രിയേക്കാൾ സുരക്ഷിതമായ ഒരു പുനരധിവാസ കേന്ദ്രത്തിലേക്ക് മാറുന്നതിന് പകരം ബ്യൂണസ് ഐറിസിന് വടക്കുള്ള ഒരു വാടകവീട്ടിൽ വിശ്രമിക്കാൻ മറഡോണ തീരുമാനിക്കുകയായിരുന്നു. അവിടെവെച്ചാണ് വേണ്ട പരിചരണം ലഭിക്കാതെ, ശ്വാസകോശത്തിലെ വീക്കത്തെയും ഹൃദയാഘാതത്തെയും തുടർന്ന് 60-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചത്.തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി രണ്ടാം ആഴ്ചയാണ് ഇതിഹാസ താരമായ ഡീഗോ മറഡോണ മരിച്ചത്. 2020 നവംബറിൽ 60-ാം വയസിലായിരുന്നു അന്ത്യം. ബ്യൂണസ് അയേഴ്സിലെ വാടക വീട്ടിലെ കിടക്കയില്‍ മരിച്ചനിലയിലാണ് മറഡോണയെ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.മറഡോണയുടെ മരണത്തിൽ ഗുരുതരമായ ചികിത്സാ വീഴ്ചയും അനാസ്ഥയും വരുത്തിയതിന് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ഏഴ് ആരോഗ്യ പ്രവർത്തകരാണ് ഇപ്പോൾ വിചാരണ നേരിടുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഇവർക്ക് 25 വർഷം വരെ തടവുശിക്ഷ ലഭിക്കാം.