Share this Article
News Malayalam 24x7
'ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ രാജ്യവ്യാപകമായി ആക്രമണം നടത്തുന്നവരെ മുഖ്യമന്ത്രി പിന്തുണയ്ക്കുന്നു'
Rahul Gandhi Slams CM Pinarayi Over Minority Safety and Alleged BJP-CPIM Nexus in Kerala

ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യ ധാരണയെക്കുറിച്ച് ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇടതുമുന്നണിയെ നയിക്കുന്നത് വർഗ്ഗീയതയുടെ അദൃശ്യ കരങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. ആലപ്പുഴയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യവ്യാപകമായി ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളെ പിണറായി വിജയൻ സർക്കാർ മൗനമായി പിന്തുണയ്ക്കുകയാണ്. ഛത്തീസ്ഗഢിൽ രണ്ട് കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ഇതിന്റെ തെളിവാണ്. ബിജെപിയുമായി ചേർന്ന് സംസ്ഥാനത്ത് കോൺഗ്രസിനെ ദുർബലപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും അധികാരത്തിന്റെ ഹുങ്കാണ്. ഇരുവരും സാധാരണ ജനങ്ങളിൽ നിന്ന് വളരെ അകലെയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.


ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. ബിജെപി ഭരണകൂടത്തിന്റെ കിരാതമായ നയങ്ങൾക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കാത്തത് തങ്ങളെ നേരിടാൻ ഇരുവരും കൈകോർത്തതിനാലാണ്. പശ്ചിമേഷ്യൻ രാഷ്ട്രങ്ങളുമായുള്ള ബന്ധം തകർത്ത കേന്ദ്രസർക്കാർ രാജ്യത്തിന്റെ പുരോഗതി പിന്നോട്ടടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും ജനവികാരം ഇതിനകം തന്നെ യുഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സണ്ണി ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.


ഈ തിരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവിയെ നിർണ്ണയിക്കുന്ന ഒന്നാണെന്നും ജനങ്ങൾ കൃത്യമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടർമാരോടുള്ള ഈ അഭ്യർത്ഥനയോടെയാണ് രാഹുൽ ഗാന്ധി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories