ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ബംഗ്ലാദേശിന് 239 റണ്‍സ് വിജയലക്ഷ്യം. ബുലവായോ, ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 48.4 ഓവറില്‍ 238 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. അഭിഗ്യാന്‍ കുണ്ടു (80), വൈഭവ് സൂര്യവന്‍ഷി (72) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ ഭേദപ്പെട്ട് സ്‌കോറിലേക്ക് നയിച്ചത്.
ബംഗ്ലാദേശിന് വേണ്ടി അല്‍ ഫഹദ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മഴ പെയ്തതിനെ തുടര്‍ന്ന് മത്സരം 49 ഓവറാക്കി ചുരുക്കിയിരുന്നു.ക്യാപ്റ്റന്‍ ആയുഷ് മാത്രെ (6), വേദാന്ത് ത്രിവേദി (0) എന്നിവര്‍ മൂന്നാം ഓവറില്‍ തന്നെ മടങ്ങി. അല്‍ ഫഹദിനായിരുന്നു രണ്ട് വിക്കറ്റുകളും. തുടര്‍ന്ന് വിഹാല്‍ മല്‍ഹോത്രയ്‌ക്കൊപ്പം ചേര്‍ന്ന് സൂര്യവന്‍ഷി 41 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പത്താം ഓവറില്‍ മല്‍ഹോത്രയും മടങ്ങി. ഇതോടെ മൂന്നിന് 53 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്ന് കുണ്ടു - സൂര്യവന്‍ഷി സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്ത്് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു.
ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവും വരുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരങ്ങളായ ആരോണ്‍ ജോര്‍ജ്, മുഹമ്മദ് ഇനാന്‍ എന്നിവര്‍ ഇന്നും പുറത്തിരുന്നു. ആരോണിന് പരിക്കാണ് പ്രശ്‌നമായത്.