ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ സ്വാഭാവിക ജാമ്യത്തിനായി ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വഭാവിക ജാമ്യത്തിന് പ്രതികള്‍ക്ക് അവകാശമുണ്ട്. ഇതോടെ ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയിലെ രണ്ടു കേസുകളിലും സ്വാഭാവിക ജാമ്യം തേടി സുധീഷ് കുമാര്‍ ഹര്‍ജി സമര്‍പ്പിക്കും.
സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക ശില്പ കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കട്ടിള പാളി കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 31ന് 90 ദിവസം ആകുന്നതോടെ ജാമ്യ ഹര്‍ജി നല്‍കും. ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരായിരുന്ന മുരാരി ബാബുവും, എസ് ശ്രീകുമാറും ഇതിനോടകം തന്നെ ജാമ്യം ലഭിച്ചു ജയില്‍ മോചിതരായി. പ്രഥമദൃഷ്ട്യാ ശ്രീകുമാറിനെതിരെ ഒരു തെളിവും എസ്‌ഐടിക്ക് ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം ലഭിച്ചത്.