പ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ അന്വേഷണം തകൃതിയാകുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) ഉടൻ നിയോഗിക്കും. സംഘത്തിൽ വിജിലൻസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനം.
മെസ്സിയുടെ കേരള സന്ദർശന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സ്പോൺസർമാരിൽ നിന്നും മറ്റ് സ്വകാര്യ ഏജൻസികളിൽ നിന്നും വൻ തുക സമാഹരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾ, സ്പോൺസർഷിപ്പ് കരാറുകൾ, പണം കൈമാറിയ രീതി, നികുതി വെട്ടിപ്പ് എന്നിവയെല്ലാം ഈ പ്രത്യേക സംഘത്തിന്റെ അന്വേഷണ പരിധിയിൽ വരും. അന്വേഷണ സംഘത്തെ രൂപീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഉടൻ തന്നെ പുറത്തിറങ്ങും.
മുൻ കായികമന്ത്രിയുടെ പങ്കടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘത്തിന്റെ പരിശോധനയിൽ ഉണ്ടാകുമെന്നാണ് സൂചന. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിച്ച ശേഷം ഉയർന്ന ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട വ്യക്തികളുടെയും മൊഴിയെടുക്കുന്ന നടപടികളിലേക്ക് വിജിലൻസ് അടങ്ങുന്ന അന്വേഷണ സംഘം കടക്കും.