സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ സി.പി.എം പ്രവർത്തകർ ആക്രമിച്ച കേസിൽ കുറ്റപത്രം വേഗത്തിൽ സമർപ്പിക്കാൻ പൊലീസ് നടപടികൾ ആരംഭിച്ചു. പ്രതികൾ റിമാൻഡിൽ കഴിയുന്ന സമയത്തുതന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്.
കേസിലെ ആദ്യ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള പ്രൊസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മുൻ മുനിസിപ്പൽ കൗൺസിലർമാർ അടക്കം സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 25 സി.പി.എം പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
തിരുവനന്തപുരത്ത് ഇ.ഡി റെയ്ഡ് പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് മുന്നൂറോളം വരുന്ന പാർട്ടി പ്രവർത്തകർ ഉദ്യോഗസ്ഥരെ തടഞ്ഞത്. ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യവർഷം നടത്തുകയും ഇവർ സഞ്ചരിച്ചിരുന്ന മൂന്ന് വാഹനങ്ങളുടെ ചില്ലുകൾ കല്ലും വടിയും ഉപയോഗിച്ച് തല്ലിത്തകർക്കുകയുമായിരുന്നു. ആക്രമണത്തിൽ ഒരു ഇ.ഡി ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, മർദ്ദനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സംഘർഷം നിയന്ത്രിക്കുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന തരത്തിൽ ആഭ്യന്തര വകുപ്പിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിനെതിരെയുള്ള ആക്ഷേപങ്ങൾക്ക് മറുപടിയെന്നോണം കുറ്റപത്രം വേഗത്തിൽ സമർപ്പിക്കാൻ അന്വേഷണസംഘം നടപടികൾ ഊർജ്ജിതമാക്കിയത്. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.