കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണം സി.ബി.ഐ.ക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. കഴിഞ്ഞ ദിവസം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും കുടുംബവും മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ അടിയന്തര നടപടികളിലേക്ക് കടന്നത്.
2024 ഒക്ടോബറിലാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് നടന്ന യാത്രയയപ്പ് ചടങ്ങിലേക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ കടന്നുവരികയും പെട്രോൾ പമ്പിന് എൻ.ഒ.സി. നൽകിയതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. പരസ്യമായ ഈ ആക്ഷേപത്തിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയത്.
കേസിലെ നിലവിലെ പൊലീസ് അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തിയാണ് കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചത്. പി.പി. ദിവ്യയുടെ ഔദ്യോഗിക ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിക്കാതിരുന്നതും, കേസിലെ പ്രധാന തെളിവായ സി.സി.ടി.വി. ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത നിലയിൽ കോടതിയിൽ സമർപ്പിച്ചതും ഉൾപ്പെടെ പതിമൂന്നോളം ഗുരുതരമായ വീഴ്ചകൾ നവീൻ ബാബുവിന്റെ കുടുംബം ചൂണ്ടിക്കാണിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് ഈ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ സാധിച്ചിരുന്നില്ല.
കൂടാതെ, കേസ് ആദ്യം അന്വേഷിച്ച എ.സി.പി. വിരമിച്ച ശേഷം സി.പി.എം. ടിക്കറ്റിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ചതും കേസ് അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഇടപെടലുകൾ നടന്നു എന്ന ആരോപണത്തിന് ബലം നൽകി. നിലവിൽ പി.പി. ദിവ്യയെ മാത്രം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് കേസ് സി.ബി.ഐ.ക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. വരും ദിവസങ്ങളിൽ സി.ബി.ഐ. കേസ് ഡയറി ഏറ്റെടുത്ത് പുതിയ അന്വേഷണം ആരംഭിക്കും.