വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിലുള്ള പ്രശസ്തമായ ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ ഇന്ത്യൻ കുടുംബം ജീവനക്കാരെ മർദ്ദിക്കുകയും റെസ്റ്റോറന്റിലെ സാധനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തതായി റിപ്പോർട്ട്]. നഗരത്തിലെ ഡിസ്ട്രിക്റ്റ് 1 ടൂറിസ്റ്റ് മേഖലയിൽ പ്രവർത്തിക്കുന്ന 'ബോംബെ ബൈറ്റ്സ് എച്ച്.സി.എം' (Bombay Bites HCM) എന്ന റെസ്റ്റോറന്റിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഭാര്യയും ഭർത്താവും രണ്ട് കുട്ടികളും അടങ്ങുന്ന സംഘമാണ് അതിക്രമം നടത്തിയത്. റെസ്റ്റോറന്റിലെത്തിയ കുടുംബത്തിലെ കുട്ടികൾ ഡൈനിങ് ഏരിയയിലും മറ്റും ടിഷ്യു പേപ്പറുകളും മറ്റ് സാധനങ്ങളും വലിചെറിയുകയും നിയന്ത്രണമില്ലാതെ ഓടിനടക്കുകയും ചെയ്തു. ഇത് മറ്റ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിനെ തുടർന്ന് കുട്ടികളെ നിയന്ത്രിക്കണമെന്ന് റെസ്റ്റോറന്റ് ജീവനക്കാർ മാതാപിതാക്കളോട് മാന്യമായി അഭ്യർത്ഥിച്ചു.
എന്നാൽ ഈ നിർദ്ദേശത്തിൽ പ്രകോപിതരായ കുടുംബാംഗങ്ങൾ ജീവനക്കാരോട് തട്ടിക്കയറുകയും കുട്ടികളുടെ മുന്നിൽ വെച്ച് ജീവനക്കാരൻ പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജീവനക്കാരൻ ക്ഷമ ചോദിച്ചതിന് ശേഷവും ദമ്പതിമാർ ശാന്തരായില്ല. തുടർന്ന് ഇവർ ജീവനക്കാരെ മർദ്ദിക്കുകയും റെസ്റ്റോറന്റിലെ പ്ലേറ്റുകളും ഗ്ലാസുകളും നിലത്തേക്ക് എറിഞ്ഞുടച്ച് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
തങ്ങൾ സോഷ്യൽ മീഡിയ 'ഇൻഫ്ലുവൻസർമാർ' (Influencers) ആണെന്ന് അവകാശപ്പെട്ട കുടുംബം വരുത്തിവെച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും തയ്യാറായില്ലെന്ന് റെസ്റ്റോറന്റ് ഉടമ ഐശ്വര്യ ഖന്ന സിങ് വ്യക്തമാക്കി. റെസ്റ്റോറന്റ് അധികൃതർ തങ്ങളുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലൂടെ സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വിദേശത്ത് വിനോദയാത്രയ്ക്കെത്തുന്ന ചില ടൂറിസ്റ്റുകളുടെ മോശം പെരുമാറ്റത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.