Share this Article
News Malayalam 24x7
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസ്; പുതിയ FIR രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിയമോപദേശം തേടാന്‍ SIT
Sabarimala Gold Plating Case

ശബരിമല സ്വർണ്ണക്കവർച്ച കേസിലെ പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ നിയമോപദേശം തേടാൻ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) തീരുമാനിച്ചു. 2025-ലെ സ്വർണ്ണപ്പാളി കൈമാറ്റവുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അടക്കമുള്ളവർക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്താൽ കുറ്റപത്രം സമർപ്പിക്കാൻ ഇനിയും വൈകുമെന്ന വിലയിരുത്തലിലാണ് എസ്‌ഐടി നിയമോപദേശം തേടുന്നത്.

അന്വേഷണസംഘത്തിന്റെ തലവനായ എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. 2019-ലെ സ്വർണ്ണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് രണ്ട് എഫ്ഐആറുകൾ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതിയ ആരോപണങ്ങളിൽ മൂന്നാമതൊരു എഫ്ഐആർ രജിസ്റ്റർ ചെയ്ത് മുന്നോട്ട് പോകുന്നതാണോ, അതോ നിലവിലെ കേസുകളിലേക്ക് ഈ വിവരങ്ങൾ കൂടി കൂട്ടിച്ചേർക്കുന്നതാണോ നിയമപരമായി കൂടുതൽ ഗുണകരം എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. പുതിയ കേസെടുത്ത് അന്വേഷണം നടത്തിയാൽ സ്വാഭാവികമായും കുറ്റപത്രം സമർപ്പിക്കൽ കൂടുതൽ നീളുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.


കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കർശന നിർദ്ദേശം നൽകിയിരുന്നു. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ എസ്‌ഐടിക്ക് പുതിയ കേസ് രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ നിലവിലെ അന്വേഷണത്തിലേക്ക് പുതിയ കണ്ടെത്തലുകൾ കൂട്ടിച്ചേർക്കുകയോ ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയെങ്കിലും, ഇതിൽ കൃത്യമായ ഒരു സമയപരിധി നിശ്ചയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് എസ്‌ഐടി നിയമോപദേശത്തിലേക്ക് കടക്കുന്നത്.


ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട് 2025-ൽ നടന്ന ഇടപാടുകളിൽ വലിയ രീതിയിലുള്ള ദുരൂഹതയും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ഇത് 2019-ൽ നടന്ന സ്വർണ്ണക്കവർച്ച മറച്ചുവെക്കാനായിരുന്നോ എന്നും സംശയമുണ്ട്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന് പുറമെ, ശബരിമല തന്ത്രി കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മീഷണർ രജിലാൽ, ദേവസ്വം സെക്രട്ടറി ബിന്ദു, അന്നത്തെ ഭരണസമിതി അംഗങ്ങളായ അജികുമാർ, സന്തോഷ് എന്നിവരെക്കൂടി ഉൾപ്പെടുത്തി പ്രതിപ്പട്ടിക വിപുലീകരിക്കാൻ എസ്‌ഐടി ഹൈക്കോടതിയിൽ അനുമതി തേടിയിരുന്നു.


ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പുതിയ നടപടികളിലേക്ക് അന്വേഷണസംഘം കടക്കുന്നത്. വിപുലമായ ഈ പ്രതിപ്പട്ടികയിൽ പുതിയ എഫ്ഐആർ ഫയൽ ചെയ്യുന്നതിൽ ലഭിക്കുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രത്യേക അന്വേഷണസംഘം തുടർന്നുള്ള നിർണായക നീക്കങ്ങൾ നടത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories