Share this Article
News Malayalam 24x7
'കേരള' കേരളം ആകാൻ രാഷ്ട്രപതിയുടെ റഫറൻസ് ഇന്ന് നിയമസഭാ അംഗീകരിക്കും
Indian President

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി നടപടികളുടെ ഭാഗമായി രാഷ്ട്രപതിയുടെ റഫറൻസ് നിയമസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും. കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ചതിനെത്തുടർന്ന്, ഭരണഘടനയുടെ മൂന്നാം അനുച്ഛേദം (Article 3) അനുസരിച്ച് സംസ്ഥാന നിയമസഭയുടെ അഭിപ്രായം തേടുന്നതിനായി രാഷ്ട്രപതി അയച്ച ‘കേരള (പേര് മാറ്റൽ) ബിൽ 2026’ ആണ് സഭയുടെ പരിഗണനയ്ക്ക് വരുന്നത്.

നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയ ശേഷം ഈ അഭിപ്രായം കേന്ദ്ര സർക്കാരിലേക്ക് അയക്കും. തുടർന്ന്, കേന്ദ്ര സർക്കാർ പാർലമെന്റിൽ ബിൽ അവതരിപ്പിച്ചു പാസാക്കുന്നതോടെ ഔദ്യോഗിക രേഖകളിലും ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലും സംസ്ഥാനത്തിന്റെ പേര് ഇംഗ്ലീഷിലും മറ്റ് ഔദ്യോഗിക ഭാഷകളിലും ‘കേരളം’ (Keralam) എന്നായി മാറും.


ഭാഷാടിസ്ഥാനത്തിൽ 1956 നവംബർ ഒന്നിന് ഐക്യകേരളം രൂപീകൃതമായെങ്കിലും ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ (Kerala) എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് തിരുത്തി ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഔദ്യോഗിക ഭാഷകളിലെല്ലാം ‘കേരളം’ എന്നാക്കണമെന്ന ദീർഘകാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.


സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് 2023 ഓഗസ്റ്റിലും തുടർന്ന് ചില സാങ്കേതിക തിരുത്തലുകളോടെ 2024 ജൂണിലും കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു. ഇതനുസരിച്ച് ഈ വർഷം ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കാബിനറ്റ് യോഗം ഈ നിർദ്ദേശത്തിന് അനുമതി നൽകിയത്.


പാർലമെന്റിന്റെ ഇരുസഭകളും ലളിതമായ ഭൂരിപക്ഷത്തോടെ ബിൽ പാസാക്കി വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ഈ ചരിത്രപരമായ പേരുമാറ്റം ഔദ്യോഗികമായി യാഥാർത്ഥ്യമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories