അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ തങ്ങളുടെ കർശന നിലപാട് വ്യക്തമാക്കി ഇറാൻ. യുഎസ് പ്രതിനിധികളും ഇറാന്റെ വിദഗ്ധ സംഘവും ദോഹയിൽ എത്തിയിട്ടുണ്ടെങ്കിലും നേരിട്ടുള്ള കൂടിക്കാഴ്ചകളോ ചർച്ചകളോ ഉണ്ടാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഖത്തർ ഉൾപ്പെടെയുള്ള മധ്യസ്ഥർ വഴി മാത്രമായിരിക്കും ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുകയെന്നാണ് ഇറാന്റെ നിലപാട്.പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകനും ഉപദേശകനുമായ ജാറെദ് കുഷ്നർ എന്നിവർ യുഎസ് ഭാഗത്തുനിന്ന് ഖത്തറിലെത്തിയിട്ടുണ്ട്. ജൂൺ 17-ന് ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ ധാരണാപത്രം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കായാണ് ഇരുപക്ഷവും ദോഹയെ തെരഞ്ഞെടുത്തത്. എന്നാൽ നേരിട്ടുള്ള ചർച്ചകൾ നടക്കുമെന്ന അമേരിക്കൻ അവകാശവാദങ്ങൾ ഇറാൻ നിഷേധിച്ചു.
വെടിനിർത്തൽ കരാർ പ്രകാരമുള്ള വ്യവസ്ഥകൾ ആദ്യം പൂർണ്ണമായും നടപ്പാക്കണമെന്നാണ് ഇറാന്റെ മുഖ്യ ആവശ്യം. ഖത്തറിൽ മരവിപ്പിച്ചു നിർത്തിയിട്ടുള്ള തങ്ങളുടെ 600 കോടി ഡോളറിന്റെ നിക്ഷേപം വിട്ടുകിട്ടുക, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം 60 ദിവസത്തേക്ക് പൂർണ്ണമായി സുരക്ഷിതമാക്കുക, തങ്ങൾക്കെതിരെയുള്ള നാവിക ഉപരോധങ്ങൾ നീക്കുക തുടങ്ങിയ വ്യവസ്ഥകളാണ് ഇതിനായി ഇറാൻ മുന്നോട്ട് വെക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഹോർമുസ് കടലിടുക്കിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ കടുത്ത വ്യോമ-നാവിക ആക്രമണങ്ങൾ വെടിനിർത്തൽ ചർച്ചകളെ പ്രതിസന്ധിയിലാക്കിയിരുന്നു. സംഘർഷങ്ങൾക്ക് താൽക്കാലികമായി അയവ് വന്ന സാഹചര്യത്തിലാണ് മധ്യസ്ഥതയിലൂടെയുള്ള സാങ്കേതിക ചർച്ചകൾ പുനരാരംഭിക്കാൻ ഖത്തറും ഒമാനും ശ്രമം നടത്തുന്നത്. പശ്ചിമേഷ്യയിൽ കൂടുതൽ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ ഈ ചർച്ചകളിലൂടെ സാധിക്കുമെന്നാണ് മധ്യസ്ഥ രാജ്യങ്ങളുടെ പ്രതീക്ഷ.