‘ദ് ടെലിഗ്രാഫ്’ ദിനപത്രത്തിന്റെ മുൻ എഡിറ്റർ ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങൾ ഒടുവിൽ നീങ്ങി. കൊൽക്കത്ത പൊലീസ് അനുകൂലമായ പുതിയ വെരിഫിക്കേഷൻ റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്ന് പാസ്‌പോർട്ട് പ്രിന്റിങ് ഉൾപ്പെടെയുള്ള തുടർനടപടികൾ ആരംഭിച്ചതായി ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കി. വോട്ടർ പട്ടികയിൽ പേരില്ലെന്ന കാരണം പറഞ്ഞ് നേരത്തെ ഇദ്ദേഹത്തിന് പാസ്‌പോർട്ട് പുതുക്കി നൽകുന്നത് തടഞ്ഞുവെച്ചത് വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു.
പശ്ചിമ ബംഗാളിൽ നടന്ന പ്രത്യേക വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയായ ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (എസ്.ഐ.ആർ) വഴി കൊൽക്കത്തയിലെ വോട്ടർപട്ടികയിൽ നിന്ന് രാജഗോപാലിന്റെ പേര് നീക്കം ചെയ്തിരുന്നു. തുടർന്ന് പാസ്‌പോർട്ട് വെരിഫിക്കേഷനായി പൊലീസ് ബന്ധപ്പെട്ടപ്പോൾ വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ വെരിഫിക്കേഷൻ പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. പാൻ കാർഡ് അടക്കമുള്ള മറ്റ് പ്രധാന ഐഡന്റിറ്റി രേഖകൾ സമർപ്പിച്ചിട്ടും ഇത് അംഗീകരിക്കാതെ കൊൽക്കത്ത പോലീസ് പ്രതികൂല വെരിഫിക്കേഷൻ റിപ്പോർട്ട് നൽകുകയായിരുന്നു. ഇതോടെയാണ് നൂറിലധികം ദിവസങ്ങളായി രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കൽ അനിശ്ചിതത്വത്തിലായത്.
പാസ്‌പോർട്ട് ലഭിക്കാതിരുന്നതിനാൽ അമേരിക്കയിൽ നടന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോലും രാജഗോപാലിന് സാധിച്ചിരുന്നില്ല. മുതിർന്ന മാധ്യമപ്രവർത്തകനെ വോട്ടർപട്ടികയുടെ പേരിൽ ഭരണസംവിധാനം ഉപയോഗിച്ച് വേട്ടയാടുകയാണെന്ന ആരോപണവുമായി ഐ.ഡബ്ല്യു.പി.സി, പ്രസ് അസോസിയേഷൻ അടക്കമുള്ള മാധ്യമ കൂട്ടായ്മകളും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു. കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് കത്തയച്ച് ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധം ശക്തമായതോടെ കൊൽക്കത്ത പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് ഇടപെടൽ നടത്തുകയും രേഖകൾ പുനഃപരിശോധിച്ച് പുതിയ പോസിറ്റീവ് വെരിഫിക്കേഷൻ റിപ്പോർട്ട് സമർപ്പിക്കുകയുമായിരുന്നു. ഇതോടെയാണ് പാസ്‌പോർട്ട് അച്ചടിച്ച് നൽകുന്നതിനുള്ള ഔദ്യോഗിക നടപടികളിലേക്ക് റീജിയണൽ പാസ്‌പോർട്ട് ഓഫീസ് കടന്നത്.