Share this Article
News Malayalam 24x7
ഹോട്ടലുകൾക്ക് ആശ്വാസം...വാണിജ്യ സിലിണ്ടറിന് 180 രൂപ കുറച്ചു
Commercial LPG Price Slashed by Rs 180

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വില പൊതുമേഖലാ എണ്ണക്കമ്പനികൾ വെട്ടിക്കുറച്ചു. സിലിണ്ടറൊന്നിന് 180 രൂപ മുതൽ 183.50 രൂപ വരെയാണ് വിവിധ നഗരങ്ങളിൽ കുറച്ചിട്ടുള്ളത്. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 180 രൂപ കുറഞ്ഞ് 2951 രൂപയായി. പുതുക്കിയ നിരക്കുകൾ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിക്കുന്ന ഗാർഹികാവശ്യങ്ങൾക്കുള്ള (14.2 കിലോ) സിലിണ്ടറുകളുടെ വിലയിൽ ഇത്തവണ മാറ്റം വരുത്തിയിട്ടില്ല.

തുടർച്ചയായ അഞ്ചുമാസത്തെ വിലവർധനവിന് ശേഷമാണ് വാണിജ്യ മേഖലയിൽ നേരിയ ആശ്വാസം നൽകിക്കൊണ്ട് വിലക്കുറവ് രേഖപ്പെടുത്തുന്നത്. പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളെയും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികളെയും തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയും വാണിജ്യ സിലിണ്ടർ വില 3,000 രൂപയ്ക്ക് മുകളിൽ എത്തുകയും ചെയ്തിരുന്നു. നിലവിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സജീവമായതും എണ്ണ ഇറക്കുമതി സാധാരണ നിലയിലായതുമാണ് വിപണിക്ക് അനുകൂലമായത്. ക്രൂഡോയിൽ വില ബാരലിന് 70 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നതും പാചകവാതക വില കുറയ്ക്കാൻ എണ്ണക്കമ്പനികൾക്ക് വഴിയൊരുക്കി.


പുതുക്കിയ നിരക്കുകൾ ചുരുക്കത്തിൽ:

  • കൊച്ചി: 180 രൂപ കുറഞ്ഞ് 2,951 രൂപയായി.

  • തിരുവനന്തപുരം: പുതുക്കിയ നിരക്ക് 2,971.50 രൂപ.

  • കോഴിക്കോട്: പുതുക്കിയ നിരക്ക് 2,983 രൂപ.

  • ഡൽഹി: 183.50 രൂപ കുറഞ്ഞ് പുതിയ വില 2,930 രൂപയായി.


വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് വില കുറഞ്ഞെങ്കിലും ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. കൊച്ചിയിൽ സബ്സിഡിയില്ലാത്ത ഗാർഹിക സിലിണ്ടറിന് 949 രൂപയും തിരുവനന്തപുരത്ത് 951 രൂപയും കോഴിക്കോട്ട് 950.50 രൂപയുമായി തന്നെ തുടരും.

വിലക്കുറവ് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് ചെറുകിട ഭക്ഷ്യ വിപണന മേഖലകൾ എന്നിവയ്ക്ക് സാമ്പത്തിക ആശ്വാസം നൽകുമെങ്കിലും, അടുക്കള ബജറ്റിൽ ഇളവ് പ്രതീക്ഷിച്ചിരുന്ന സാധാരണക്കാർക്ക് ഈ മാസം കാത്തിരിപ്പ് തുടരേണ്ടി വരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories