കേന്ദ്രാവിഷ്കൃത വിദ്യാലയ വികസന പദ്ധതിയായ ‘പി.എം. ശ്രീ’ (PM SHRI) സംസ്ഥാനത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ രണ്ടാമത്തെ യോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനത്തിന് ശേഷം വൈകുന്നേരത്തോടെയാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. പദ്ധതിയുടെ സുപ്രധാന നിബന്ധനകൾ, സിലബസ് തയ്യാറാക്കൽ, പദ്ധതിക്കായി സ്കൂളുകളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്നിവ യോഗത്തിൽ വിശദമായി പരിശോധിക്കും.
വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ കൺവീനറായ സമിതിയിൽ എക്സൈസ് മന്ത്രി എം. ലിജു, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവരാണ് മറ്റ് അംഗങ്ങൾ. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രിസഭ ഉപസമിതിക്ക് നൽകിയിട്ടുള്ള നിർദ്ദേശം. അതിനാൽ തന്നെ റിപ്പോർട്ട് സമർപ്പിക്കുന്നതിനായുള്ള തുടർനടപടികൾ അതിവേഗത്തിലാക്കാനാണ് ഉപസമിതിയുടെ തീരുമാനം.
നേരത്തെ അധികാരത്തിലുണ്ടായിരുന്ന എൽ.ഡി.എഫ് സർക്കാർ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നതിനാൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാർ നിർബന്ധിതരായിരിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. കരാർ പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം ഉൾപ്പെടെയുള്ള ഫണ്ടുകൾ ഇതിനകം ലഭ്യമായിട്ടുമുണ്ട്. എന്നാൽ സ്കൂളുകൾ തിരഞ്ഞെടുക്കുന്നതിലും കരിക്കുലം നിശ്ചയിക്കുന്നതിലും സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശം പൂർണ്ണമായും സംരക്ഷിച്ചുകൊണ്ടായിരിക്കും മുന്നോട്ടുപോവുക എന്ന നിലപാടിലാണ് യു.ഡി.എഫ് സർക്കാർ.
കരാർ ഒപ്പിട്ടതിന് ശേഷം പദ്ധതി മരവിപ്പിക്കാൻ മുൻ എൽ.ഡി.എഫ് സർക്കാർ കൈക്കൊണ്ട തീരുമാനത്തിന് നിയമപരമായ പ്രാബല്യമില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിൽ, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങൾ വിട്ടുവീഴ്ച ചെയ്യാതെ പദ്ധതി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചാണ് മന്ത്രിസഭാ ഉപസമിതി വിശദമായ റിപ്പോർട്ട് തയാറാക്കുന്നത്.