Share this Article
News Malayalam 24x7
രാജ്യത്ത് പെട്രോള്‍ വില ലീറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ച് നയാര എനര്‍ജി
 Nayara Energy Slashes Petrol by Rs 5, Diesel by Rs 3

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വില കുറച്ചു. പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് ലിറ്ററിന് 3 രൂപയുമാണ് കുറച്ചത്. പുതുക്കിയ നിരക്കുകൾ ഇന്ന് (ജൂലൈ 1) മുതൽ പ്രാബല്യത്തിൽ വന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ശാന്തമായതിനെത്തുടർന്ന് ആഗോളവിപണിയിൽ ക്രൂഡോയിൽ വില താഴ്ന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. അതേസമയം, രാജ്യത്തെ പൊതുമേഖലാ ഇന്ധന വിതരണ കമ്പനികൾ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ രാജ്യത്ത് ഇന്ധനവിലയിൽ കുറവ് വരുത്തുന്ന ആദ്യ കമ്പനിയാണ് നയാര എനർജി. പശ്ചിമേഷ്യൻ പ്രതിസന്ധികൾക്ക് അയവ് വന്നതും കടൽമാർഗ്ഗമുള്ള വ്യാപാരപാതകൾ (പ്രത്യേകിച്ച് ഹോർമുസ് കടലിടുക്ക്) വീണ്ടും സജീവമായതും എണ്ണ വിതരണ തടസ്സങ്ങൾ ഇല്ലാതാക്കി. ഇതോടെയാണ് ഇന്ധന വിതരണ നിരക്കുകളിൽ കുറവ് വരുത്താൻ കമ്പനി തീരുമാനിച്ചത്. നയാരയുടെ രാജ്യത്തുടനീളമുള്ള ഏഴായിരത്തിലധികം ഇന്ധന സ്റ്റേഷനുകളിൽ പുതിയ നിരക്കുകൾ ലഭ്യമാകും. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക നികുതി വ്യത്യാസങ്ങൾ (വാറ്റ്) അനുസരിച്ച് പമ്പുകളിലെ യഥാർത്ഥ വിലയിൽ നേരിയ മാറ്റമുണ്ടാകാം.


നേരത്തെ പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നപ്പോൾ നയാര ഇന്ധന വില വർദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 26-ന് ഇതേ നിരക്കിൽ (പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും) അവർ വരുത്തിയ വിലവർദ്ധനവ് പൂർണ്ണമായി പിൻവലിക്കുന്നതാണ് ഇന്നത്തെ തീരുമാനം.


രാജ്യത്തെ 90 ശതമാനത്തിലധികം ഇന്ധന സ്റ്റേഷനുകൾ നിയന്ത്രിക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) എന്നീ പൊതുമേഖലാ കമ്പനികൾ ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല. ഡൽഹിയിൽ ഐഒസി ഔട്ട്‌ലെറ്റുകളിൽ പെട്രോൾ ലിറ്ററിന് 102.12 രൂപയും ഡീസൽ ലിറ്ററിന് 95.20 രൂപയുമായി തന്നെ തുടരുന്നു. ആഗോള സാഹചര്യം കൂടുതൽ അനുകൂലമാകുന്ന മുറയ്ക്ക് മാത്രമേ പൊതുമേഖലാ കമ്പനികളുടെ കാര്യത്തിൽ വിലക്കുറവ് ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നാണ് പെട്രോളിയം മന്ത്രാലയത്തിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories