Share this Article
News Malayalam 24x7
പിഎം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക് പോര്
PM SHRI Scheme Sparks Heated Debate Between Ruling and Opposition in Assembly

പിഎം ശ്രീ (PM SHRI) പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ കടുത്ത വാക്പോരും തർക്കവുമുണ്ടായി. വിഷയത്തിൽ സി.പി.ഐ എം.എൽ.എ പി. പ്രസാദ് നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് തള്ളിയത്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

മന്ത്രിസഭാ ഉപസമിതിയുണ്ടാക്കിയത് കരാർ നടപ്പിലാക്കാനാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സഭയിൽ വ്യക്തമാക്കി. പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ തയ്യാറാണെന്ന് കാണിച്ച് 2024-ൽ കേന്ദ്രത്തിന് കത്തയച്ചത് മുൻ ഇടതുപക്ഷ സർക്കാരായിരുന്നു. അന്ന് ഒപ്പിട്ട ഈ കരാറിൽ നിന്നും പിന്മാറാനുള്ള അധികാരം കേന്ദ്രസർക്കാരിന് മാത്രമാണുള്ളതെന്നും ഞങ്ങൾ പിഎം ശ്രീയുടെ ആളുകളല്ലെന്നും മന്ത്രി വിശദീകരിച്ചു.


എത്ര ബഹളമുണ്ടാക്കിയാലും തങ്ങൾക്ക് പറയാനുള്ളത് പറയുമെന്ന് സി.പി.ഐ എം.എൽ.എ പി. പ്രസാദ് ഇതിന് മറുപടി നൽകി. പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കില്ല എന്ന് ഉറപ്പിച്ചു പറയാൻ വിദ്യാഭ്യാസ മന്ത്രിക്ക് എന്തുകൊണ്ട് സാധിക്കുന്നില്ലെന്നും മുസ്ലിം ലീഗ് പ്രതിനിധിയായ മന്ത്രിയുടെ ഈ വിഷയത്തിലെ നിലപാട് വ്യക്തമാക്കണമെന്നും പി. പ്രസാദ് ആവശ്യപ്പെട്ടു.


തുടർന്ന് ചർച്ചയിൽ ഇടപെട്ട പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഭരണപക്ഷത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചു. അധികാരത്തിൽ വന്നാൽ കരാർ ഒഴുക്കിക്കളയുമെന്ന് പ്രഖ്യാപിച്ചവർ ഇപ്പോൾ എന്താണ് അതിന് തയ്യാറാകാത്തതെന്ന് പിണറായി വിജയൻ ചോദിച്ചു. പുതിയ സർക്കാർ അധികാരമേറ്റിട്ട് ഒരു മാസത്തിലേറെയായിട്ടും എന്തുകൊണ്ടാണ് ഈ കരാർ റദ്ദാക്കാൻ നടപടികൾ സ്വീകരിക്കാത്തതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories