Share this Article
News Malayalam 24x7
സംസ്ഥാനത്തെ കാറ്ററിംഗ് മേഖല പ്രതിസന്ധിയിൽ; സർക്കാർ ഇടപെടലാവശ്യപ്പെട്ട് കാറ്ററേഴ്സ് അസോസിയേഷൻ
Kerala Catering Sector in Crisis

പാചകവാതകം, മൽസ്യം, മാംസം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം മൂലം സംസ്ഥാനത്തെ കേറ്ററിങ് മേഖല വൻ പ്രതിസന്ധിയിലാണെന്ന് 'ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ' (AKCA) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ സാഹചര്യത്തിൽ മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് അസോസിയേഷന്റെ പ്രധാന ആവശ്യം.

ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന കേറ്ററിങ് മേഖലയെ ചെറുകിട വ്യവസായമായി അംഗീകരിക്കണമെന്നും മറ്റു ചെറുകിട വ്യവസായങ്ങൾക്ക് ലഭിക്കുന്ന എല്ലാവിധ ആനുകൂല്യങ്ങളും ഈ മേഖലയ്ക്കും ലഭ്യമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഹർത്താലുകൾ, പണിമുടക്കുകൾ എന്നിവയിൽ നിന്നും കേറ്ററിങ് മേഖലയെ ഒഴിവാക്കി അവശ്യ സർവീസായി പ്രഖ്യാപിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. നിലവിലെ കടുത്ത വിലക്കയറ്റം കണക്കിലെടുത്ത് നിലവിലുള്ള ഓർഡറുകൾക്ക് 25 ശതമാനം വരെ നിരക്ക് വർദ്ധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.


നിയമാനുസൃതമായി പ്രവർത്തിക്കുന്ന ലൈസൻസുള്ള കേറ്ററേഴ്സിന് വെല്ലുവിളിയുയർത്തിക്കൊണ്ട് സംസ്ഥാനത്ത് ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ വർദ്ധിച്ചുവരികയാണ്. ഇത്തരം അനധികൃത സ്ഥാപനങ്ങൾ പൊല്യൂഷൻ കൺട്രോൾ ബോർഡ് ഉൾപ്പെടെയുള്ള യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാറില്ല. ഓഡിറ്റോറിയങ്ങൾക്കും മറ്റും ലൈസൻസ് നൽകുമ്പോൾ തന്നെ അവിടെ മാലിന്യ സംസ്കരണത്തിനുള്ള സൗകര്യങ്ങൾ ഉണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണം. ചടങ്ങുകൾക്ക് ശേഷം മാലിന്യങ്ങൾ മുഴുവൻ കേറ്ററേഴ്സ് തന്നെ നീക്കം ചെയ്യേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ നടപടി വേണം.


അതേസമയം, ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'മൗണ്ടൻ മീറ്റ്' ക്യാമ്പ് മൂന്നാറിലെ ആനച്ചാലിലുള്ള വൈബ് റിസോർട്ടിൽ പുരോഗമിക്കുകയാണ്. വിവിധ ജില്ലകളിൽ നിന്നായി മുന്നൂറ്റമ്പതോളം പ്രതിനിധികൾ പങ്കെടുക്കുന്ന ക്യാമ്പ് ഇന്ന് സമാപിക്കും. ക്യാമ്പിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഈറ്റ് സിറ്റിയിൽ നിന്നും ആനച്ചാൽ സിറ്റി വരെ വാക്കത്തോൺ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories