ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ (NDSA) വിദഗ്ധ സമിതിയിൽ നിന്നും കേരളത്തിന്റെ പ്രതിനിധിയെ ഏകപക്ഷീയമായി ഒഴിവാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുല്ലപ്പെരിയാർ സമരസമിതി ആവശ്യപ്പെട്ടു.
ഡാം സുരക്ഷാ അതോറിറ്റിയുടെ സമിതിയിൽ നിന്നും കേരളത്തിന്റെ പ്രതിനിധിയായിരുന്ന മുൻ സെൻട്രൽ വാട്ടർ കമ്മീഷൻ ചീഫ് എഞ്ചിനീയർ ടി.കെ. ശിവരാജനെയാണ് ഒഴിവാക്കിയത്. സംസ്ഥാന സർക്കാർ നിർദ്ദേശിച്ച മൂന്ന് പേരുകളിൽ നിന്നാണ് കേന്ദ്ര ജല കമ്മീഷൻ ശിവരാജനെ സമിതിയിലേക്ക് തിരഞ്ഞെടുത്തത്. എന്നാൽ ഇദ്ദേഹത്തെ സമിതിയിൽ നിന്നും മാറ്റിയപ്പോൾ തമിഴ്നാടിന്റെ പ്രതിനിധി സമിതിയിൽ തുടരുകയാണ്.
വരും ദിവസങ്ങളിൽ മുല്ലപ്പെരിയാറിൽ വിദഗ്ധ സമിതി പരിശോധന നടത്താനിരിക്കെ കേന്ദ്രത്തിന്റെ ഈ നടപടി കേരളത്തിന് വലിയ തിരിച്ചടിയാകുമെന്ന് മുല്ലപ്പെരിയാർ സമരസമിതി ചെയർമാൻ ഷാജി പി. ജോസഫ് ആശങ്ക പ്രകടിപ്പിച്ചു. ഡാമുകളുടെ മേൽനോട്ടവും ഏകോപനവും പൂർണ്ണമായും സെൻട്രൽ വാട്ടർ കമ്മീഷന്റെ കീഴിലേക്ക് പോകുന്ന സാഹചര്യത്തിൽ കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഇത് ഡാമിന്റെ തീരത്തുള്ള ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നും സമരസമിതി ആവശ്യപ്പെട്ടു.