കൊട്ടാരക്കരയിൽ ടിപ്പർ ലോറി പാഞ്ഞുകയറി ഉണ്ടായ വലിയ അപകടത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്ത് റോഡപകടങ്ങളെക്കുറിച്ച് വിശദമായ പഠനവും അന്വേഷണവും നടത്തുന്നതിനായി പ്രത്യേക 'അപകടാനന്തര അന്വേഷണ സംഘങ്ങൾ' രൂപീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. 'പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം' എന്ന പേരിലായിരിക്കും എല്ലാ ജില്ലകളിലും ഈ പ്രത്യേക അന്വേഷണ സംഘങ്ങൾ പ്രവർത്തിക്കുക.
സംസ്ഥാനത്തുണ്ടാകുന്ന വലിയ റോഡപകടങ്ങളുടെ കാരണങ്ങൾ കൃത്യമായി കണ്ടെത്തുകയാണ് ഈ സംഘത്തിന്റെ ലക്ഷ്യം. ജില്ലയിലെ ആർ.ടി.ഒ ഉദ്യോഗസ്ഥർ, പോലീസ് ഇൻസ്പെക്ടർമാർ, പി.ഡബ്ല്യു.ഡി അല്ലെങ്കിൽ ദേശീയപാത വിഭാഗം എഞ്ചിനീയർമാർ, നാറ്റ്പാക് (NATPAC) പ്രതിനിധികൾ എന്നിവരടങ്ങുന്നതായിരിക്കും ഈ സമിതി. അപകടം നടന്നയുടൻ ഓരോ വിഭാഗവും തങ്ങളുടെ മേഖലകളിൽ പ്രത്യേകമായി പരിശോധനകൾ നടത്തുകയും, ഈ കണ്ടെത്തലുകൾ ക്രോഡീകരിച്ച് സംയുക്തമായ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും.
അതേസമയം, കൊട്ടാരക്കരയിൽ അപകടമുണ്ടാക്കിയ ടിപ്പർ ലോറിക്ക് ചട്ടങ്ങൾ ലംഘിച്ച് പെർമിറ്റ് അനുവദിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് സബ് ആർ.ടി.ഒ ഉദ്യോഗസ്ഥരെ അടിയന്തരമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വലിയ വാഹനങ്ങളിലെ ചട്ടലംഘനങ്ങൾ കണ്ടെത്താൻ പരിശോധനകൾ കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.