താരസംഘടനയായ ‘അമ്മ’യിൽ (AMMA) നിന്നുള്ള തന്റെ രാജിയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി നടി ശ്വേത മേനോൻ രംഗത്ത്. താൻ ആരുടെയും പാവയാകാൻ താല്പര്യപ്പെടാത്തതിനാലാണ് രാജിവെച്ചതെന്ന് ശ്വേത മേനോൻ ഫേസ്ബുക്കിൽ കുറിച്ചു. രാജിക്ക് പിന്നാലെ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായാണ് താരം നിലപാട് വ്യക്തമാക്കിയത്.
‘അമ്മ’യുടെ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ക്രൈം നന്ദകുമാറും മാർട്ടിൻ മേനാച്ചേരിയും അടക്കമുള്ളവരെ മുൻനിർത്തി തനിക്കെതിരെ ദുഷ്പ്രചാരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തിയിരുന്നുവെന്ന് ശ്വേത ആരോപിച്ചു. രാജിവെച്ചതിന് ശേഷവും തനിക്കെതിരായ വ്യാജ പ്രചാരണങ്ങൾ തുടരുകയാണ്. താൻ ആരുടെയും പാവയായി നിൽക്കാൻ തയ്യാറല്ലെന്നും, സ്വന്തമായി നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിലാണ് സംഘടനയിൽ നിന്നും രാജിവെച്ചതെന്നും ശ്വേത വ്യക്തമാക്കി.
താൻ ‘സംഘി’യോ ‘കമ്മി’യോ അല്ലെന്നും, അവരുടെ പരിപാടികളിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പങ്കെടുത്തിട്ടില്ലെന്നും ശ്വേത കൂട്ടിച്ചേർത്തു. അതോടൊപ്പം, സംഘടനയിലെ കഴിഞ്ഞ രണ്ട് ഭരണസമിതികളുടെ കാലത്തെ കണക്കുകൾ കൃത്യമായി പരിശോധിക്കണമെന്നും ശാസ്ത്രീയമായ ഓഡിറ്റിങ് നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ സംഘടനയുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന സൂചനയും ശ്വേത മേനോൻ നൽകിയിട്ടുണ്ട്.