Share this Article
News Malayalam 24x7
BJPക്ക് തിരിച്ചടി; തിരുവനന്തപുരം നഗരസഭയിലെ 20 BJP കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി
Kerala High Court Declares Oath of 20 Thiruvananthapuram BJP Councilors Invalid

തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബി.ജെ.പി കൗൺസിലർമാർ നടത്തിയ സത്യപ്രതിജ്ഞ ചട്ടലംഘനമാണെന്ന് കണ്ടെത്തി ഹൈക്കോടതി അസാധുവാക്കി. ഇതോടെ തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. അസാധുവാക്കപ്പെട്ട കൗൺസിലർമാർ നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു.

ശ്രീ പത്മനാഭസ്വാമി, ശബരിമല അയ്യപ്പൻ തുടങ്ങിയ പ്രത്യേക ദൈവങ്ങളുടെ പേരുകൾ ഉച്ചരിച്ചുകൊണ്ടായിരുന്നു ബി.ജെ.പി കൗൺസിലർമാർ അധികാരമേറ്റത്. ഇത് ഭരണഘടനയും സത്യപ്രതിജ്ഞാ നിയമങ്ങളും അനുശാസിക്കുന്ന ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന സി. ദീപക് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ദൈവത്തിന്റെ നാമത്തിലോ അല്ലെങ്കിൽ സഗൗരവമോ സത്യപ്രതിജ്ഞ ചെയ്യണമെന്ന ചട്ടം ലംഘിച്ച് പ്രത്യേക ദൈവങ്ങളുടെ പേരുകൾ ഉപയോഗിച്ചതാണ് സത്യപ്രതിജ്ഞ അസാധുവാക്കാൻ കോടതിയെ പ്രേരിപ്പിച്ചത്.


കോടതി ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ നാലാഴ്ചയ്ക്കകം ഈ 20 കൗൺസിലർമാരും ചട്ടപ്രകാരം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം. കൗൺസിലർ സ്ഥാനം പൂർണ്ണമായി റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യമെങ്കിലും നിലവിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന്റെ തുടർന്നുള്ള ഔദ്യോഗിക നടപടികൾ വരും ദിവസങ്ങളിൽ കോർപ്പറേഷനിൽ നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories