Share this Article
News Malayalam 24x7
പശ്ചിമേഷ്യൻ സംഘർഷം; അന്തിമ കരാറിൽ ഇറാനും അമേരിക്കയും തമ്മിൽ കല്ലുകടി തുടരുന്നതായി റിപ്പോർട്ട്
US-Iran Diplomatic Friction

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അന്തിമ കരാറിലെ പ്രധാന ഉപാധികളെച്ചൊല്ലി ഇറാനും അമേരിക്കയും തമ്മിലുള്ള അനിശ്ചിതത്വം തുടരുന്നു. ഇറാന്റെ ആണവനിലയങ്ങളിൽ പരിശോധന നടത്തുന്നതിന് അനുമതി നൽകിയെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന ഇറാൻ ഔദ്യോഗികമായി തള്ളി. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ യാതൊരുവിധ ചർച്ചകൾക്കും വിധേയമാക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സമാധാന കരാറിന്റെ ഭാഗമായി ഹോർമൂസ് കടലിടുക്കിൽ ടോൾ പിരിക്കാൻ ഇറാന് അനുവാദം നൽകില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. എന്നാൽ, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) തലവൻ റാഫേൽ ഗ്രോസി ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്തുമെന്ന് അറിയിച്ചു.


ചർച്ചകൾക്കിടയിലും താൽക്കാലിക കരാർ നിലവിൽ വന്നതോടെ ഇറാന് ചില പ്രധാന ഇളവുകൾ നൽകാൻ അമേരിക്ക തയ്യാറായിട്ടുണ്ട്. ഇറാൻ എണ്ണയ്ക്കുള്ള ഉപരോധം രണ്ട് മാസത്തേക്ക് കൂടി നീട്ടി നൽകാൻ അമേരിക്ക സമ്മതിച്ചു. ഇതോടെ ഹോർമൂസിൽ കപ്പലുകളിൽ കെട്ടിക്കിടക്കുന്ന 68 ലക്ഷം ബാരൽ എണ്ണ വിൽക്കാൻ ഇറാന് വഴി തുറന്നു. കൂടാതെ അമേരിക്ക മരവിപ്പിച്ചു വെച്ചിരുന്ന ഇറാന്റെ 1200 കോടി ഡോളറിന്റെ ആസ്തി വിട്ടുനൽകാനും ട്രംപ് ഭരണകൂടം സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.


ഈ ഇളവുകളുടെ പശ്ചാത്തലത്തിൽ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. വിപണിയിൽ എണ്ണ ലഭ്യമാകുന്നതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് രേഖപ്പെടുത്തി. നിലവിൽ ബാരലിന് 72 ഡോളർ എന്ന നിരക്കിലാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വ്യാപാരം നടക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories