മുഖ്യമന്ത്രി വി ഡി സതീശന്റെ ചാര്‍ട്ടേഡ് വിമാനയാത്ര വലിയ രാഷ്ട്രീയ വിവാദങ്ങളിലേക്ക്. മലപ്പുറത്തെ മഴക്കെടുതി ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാനായിരുന്നു ചാര്‍ട്ടേഡ് വിമാനം ഉപയോഗിച്ചത്. എന്നാല്‍ സ്വകാര്യ സ്‌പോണ്‍സറിന്റെ ചിലവിലെ യാത്ര അധികാര ദുര്‍വിനിയോഗമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു..
മലപ്പുറത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലും നാശനഷ്ടങ്ങളും വിലയിരുത്താനായിരുന്നു മുഖ്യമന്ത്രി വിഡി സതീശന്‍ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടെക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്രതിരിച്ചത്. കേരളാ പൊലീസിന്റെ ഔദ്യോഗിക ഹെലികോപ്റ്ററിന്റെ വാടകക്കരാര്‍ കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബംഗളൂരുവില്‍ നിന്നും എത്തിച്ച വി ടി - എവിഎസ് കമ്പനിയുടെ ചാര്‍ട്ടേഡ് വിമാനം യാത്രയ്ക്കായി മുഖ്യമന്ത്രി ഉപയോഗിച്ചത്.
എന്നാല്‍ യാത്രയ്ക്കായ് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചിട്ടില്ലെന്നും യാത്രയുടെ മുഴുവന്‍ ചിലവും ഒരു സ്വകാര്യ സ്‌പോണ്‍സറാണ് വഹിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണം. യാത്രവിമാനങ്ങള്‍ ലഭ്യമാകാത്തതിനാലാണ് ചാര്‍ട്ടേഡ് വിമാനം സ്വീകരിച്ചതെന്നുമാണ് വിശദീകരണം. സ്‌പോണ്‍സര്‍ ആരെന്നതിലും വെളിപ്പെടുത്തിയിട്ടില്ല. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ യാത്രക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്വകാര്യവ്യക്തികളുടെ സ്‌പോണ്‍സര്‍ഷിപ്പുകള്‍ സ്വീകരിക്കുന്നത് വലിയ അധികാര ദുര്‍വിനിയോഗമെന്ന് സിപിഐഎം കുറ്റപ്പെടുത്തി. സ്‌പോണ്‍സര്‍ ആരെന്നത് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും മുന്‍പ് ഹെലികോപ്റ്റര്‍ യാത്രകളെ ധൂര്‍ത്തെന്ന് മുദ്രകുത്തിയവര്‍ ഇത്തരംയാത്രകള്‍ നടത്തുന്നത് ഇരട്ടത്താപ്പാണെന്നും പ്രതിപക്ഷം വിമര്‍ശിക്കുന്നുണ്ട്.
മന്ത്രി കെ എം ഷാജിയുടെ റേഞ്ച് റോവര്‍യാത്ര വിവാദമായിരിക്കെയാണ് മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയും ചര്‍ച്ചകള്‍ക്ക് വഴിവയെക്കുന്നത്. ഔേേദ്യാഗിക ആവശ്യത്തിന് സ്വകാര്യവാഹനങ്ങള്‍ ഉപയോഗിക്കാന്‍ കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നിരിക്കെ ക്യാബിനറ്റിലുള്ള മന്ത്രിക്ക് സ്വകാര്യ ആഡംബര കാര്‍ ഉപയോഗിക്കേണ്ടിവന്നതില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്ന് ഡി വൈ എഫ് ഐ ഉള്‍പ്പെടെയുള്ള യുവജന സംഘടനങ്ങളും വിമര്‍ശനം ഉന്നയിച്ചിരുന്നു..