72ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് വിതരണം ചെയ്യും. വൈകിട്ട് 3ന് ഗുജറാത്ത് ഏകതാ നഗറിലെ സ്റ്റാച്യു ഒഫ് യൂണിറ്റിക്കു സമീപത്തെ വേദിയിലാണ് പുരസ്‌കാര വിതരണം. 2024ലെ ഇന്ത്യന്‍ സിനിമയിലെ മികച്ച നേട്ടങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് ചടങ്ങില്‍ സമ്മാനിക്കുന്നത്. ചടങ്ങില്‍ മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങും.
ഭ്രമയുഗം എന്ന സിനിമയിലെ പ്രകടനമാണ് മമ്മൂട്ടിയെ നാലാം ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇതേ സിനിമയിലെ ഷെഹ്നാദ് ജലാല്‍ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരവും വൈക്കം വിജയലക്ഷ്മി മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരവും ഏറ്റുവാങ്ങും. ചന്തു ചാമ്പ്യന്‍ എന്ന ഹിന്ദി സിനിമയിലെ പ്രകടനത്തിന് കാര്‍ത്തിക് ആര്യനുമായി മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം പങ്കിടുകയായിരുന്നു. യാമി ഗൗതമാണ് മികച്ച നടി.
ചരിത്രത്തില്‍ ആദ്യമായാണ് ഡല്‍ഹിക്കു പുറത്തുവച്ച് ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണം നടക്കുന്നത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്ത് മുതിര്‍ന്ന നടന്‍ അനന്ത് നാഗിനെ 2024ലെ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കി ആദരിക്കും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.