കൊച്ചി: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്ത് മാസം പ്രായമായ ആലിൻ ഷെറിൻ്റെ അവയവങ്ങളുമായി ആംബുലൻസ് കൊച്ചിയിൽ നിന്ന് ആംബുലൻസ് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. KL 07 DF 3177 എന്ന നമ്പരിലുള്ള ആംബൂലൻസിലാണ് യാത്ര.ആംബുലൻസിന് വഴിയൊരുക്കി സഹകരിക്കാൻ പൊലീസ് നിർദേശം. അവയവങ്ങളുമായി യാത്ര ചെയ്യുന്ന KL07DF3177 നമ്പർ ആംബുലൻസിന് ജനങ്ങൾ വഴിയൊരുക്കി സഹകരിക്കാനാണ് പൊലീസ് സംഘത്തിന്റെ നിർദേശം. അവയവങ്ങളുമായുള്ള യാത്ര പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് പൊലീസ് നീക്കം.
ഇടപ്പള്ളി- വൈറ്റില വഴി കുണ്ടന്നൂർ, മിനി ബൈപ്പാസ് - തൃപ്പൂണിത്തുറ- പുത്തൻകാവ്- ഏറ്റുമാനൂർ- കോട്ടയം - വെഞ്ഞാറമൂട്, കഴക്കൂട്ടം വഴി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്കാണ് അവയവങ്ങൾ എത്തിക്കുന്നത്. വൈകുന്നേരം ഏഴുമണിയോടെയാണ് ഇടപ്പള്ളി ആശുപത്രിയിൽ നിന്ന് ആംബുലൻസ് യാത്ര തിരിച്ചത്. വഴിയിലുടനീളം ട്രാഫിക് പൊലീസും പൊലീസും ഗതാഗത ക്രമീകരണം നടത്തിയിട്ടുണ്ട്.
തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം ആംബുലൻസിനെ അനുഗമിക്കുന്നുണ്ട്. അതേസമയം, കിംസ് ആശുപത്രിയിൽ അതിസങ്കീർണ അവയവമാറ്റ ശസ്ത്രക്രിയ വിഭാഗത്തിൽ ക്രമീകരണങ്ങൾ പൂർത്തിയായിരിക്കുകയാണ്. ഇവിടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് ആലിന്റെ കരൾ നൽകുന്നത്. കിംസിൽ എത്തിച്ച ശേഷം ആംബുലൻസ് നേരെ എസ്എടി ആശുപത്രിയിലേക്ക് തിരിക്കും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ ഷെറിൻ അബ്രഹാം. ആലിൻ്റെ വൃക്കയും, കരളും, ഹൃദയ വാൽവുകളുമാണ് ദാനം ചെയ്യുന്നത്. വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിയ്ക്കാണ് നൽകുന്നത്.