പശ്ചിമേഷ്യൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതോടെ ആഗോള സമ്പദ്‌വ്യവസ്ഥ കനത്ത പ്രതിസന്ധിയിലേക്ക്. യുദ്ധഭീതിയെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. ഇന്ന് മാത്രം എണ്ണവിലയിൽ 24 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 113 ഡോളറിലെത്തി.
യുദ്ധം ആരംഭിച്ച ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ക്രൂഡ് ഓയിൽ വിലയിൽ 40 ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ ബ്രന്റ് ക്രൂഡ് ഓയിൽ ബാരലിന് 114 ഡോളറിലെത്തി നിൽക്കുന്നു. യുഎഇയിൽ നിന്നുള്ള ഗുണനിലവാരം കൂടിയ മർബൻ ക്രൂഡിന് ബാരലിന് 120 ഡോളറാണ് ഇന്നത്തെ വില. ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഈ അപ്രതീക്ഷിത കുതിപ്പ് ഉൽപ്പന്നങ്ങളുടെ കടത്തുകൂലി വർദ്ധിപ്പിക്കാനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുമെന്ന ആശങ്ക ശക്തമാണ്.
എണ്ണവില വർദ്ധനവ് ആഗോള ഓഹരി വിപണികളിൽ കനത്ത തകർച്ചയ്ക്ക് വഴിവെച്ചു. അമേരിക്കൻ വിപണികളായ ഡൗ ജോൺസ്, നാസ്ഡാക്, എസ് ആൻഡ് പി എന്നിവ വലിയ ഇടിവാണ് നേരിടുന്നത്. ഡൗ ജോൺസ് സൂചികയിൽ മാത്രം ഇന്ന് 1000 പോയിന്റിന്റെ ഇടിവ് രേഖപ്പെടുത്തി.
ഇന്ത്യൻ വിപണിയിലും യുദ്ധഭീതി കനത്ത പ്രഹരമേൽപ്പിച്ചു. വ്യാപാരം ആരംഭിച്ചത് മുതൽ വൻ തകർച്ച നേരിട്ട സെൻസക്സ് 1800 പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റി 500 പോയിന്റിന് മുകളിലും ഇടിവ് രേഖപ്പെടുത്തി. നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്കും ഡോളറിലേക്കും ശ്രദ്ധ മാറ്റിയതാണ് വിപണിയെ ദോഷകരമായി ബാധിച്ചത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഇനിയും നീണ്ടുപോയാൽ ആഗോള സമ്പദ്‌വ്യവസ്ഥ കൂടുതൽ തകർച്ചയിലേക്ക് നീങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.