വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെത്തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി നടൻ സിദ്ദിഖ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കോൺഗ്രസ് ഹൈക്കമാൻഡിനോട് തന്റെ നിലപാട് വ്യക്തമാക്കിയത്.
കോൺഗ്രസ് നേടിയ വിജയത്തിന് പിന്നിൽ ജനവിരുദ്ധ സർക്കാരിനെതിരായ വികാരം മാത്രമല്ല, തങ്ങളെ നയിക്കാൻ പ്രാപ്തനായ ഒരു നേതാവുണ്ട് എന്ന വിശ്വാസം കൂടിയുണ്ടെന്ന് സിദ്ദിഖ് കുറിച്ചു. തിരഞ്ഞെടുപ്പിൽ നൂറിലേറെ സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഉറച്ച ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ച നേതാവാണ് സതീശൻ. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാത്ത, സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും പോസ്റ്റിൽ പറയുന്നു.
"അധികാര വടംവലിക്കിടയിൽ ഗ്രൂപ്പ് കളിച്ചും കുതികാൽ വെട്ടിയും മറ്റൊരാൾ ഈ പദവിയിലേക്ക് എത്തുന്നത് അംഗീകരിക്കാനാവില്ല. അത്തരം നീക്കങ്ങൾ സഹിക്കില്ല. വി.ഡി. സതീശനെ അല്ലാതെ മറ്റൊരാളെ മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ പോലും കഴിയില്ല," സിദ്ദിഖ് തുറന്നടിച്ചു.
നേതാക്കളുടെ അഭിപ്രായം മാത്രം മാനിക്കാതെ ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്ത് ഹൈക്കമാൻഡ് തീരുമാനം എടുക്കണമെന്നും, അല്ലാത്തപക്ഷം വലിയ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. കെ. കരുണാകരനെയും ഉമ്മൻ ചാണ്ടിയെയും നെഞ്ചിലേറ്റുന്ന ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ അപേക്ഷയാണിതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സിദ്ദിഖ് തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.