Share this Article
News Malayalam 24x7
മുഖ്യമന്ത്രി ചർച്ച; കോണഗ്രസ് നിരീക്ഷകർ മുതിർന്ന നേതാക്കളെ കണ്ടു
Who will be the Next Kerala CM?

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള ചർച്ചകൾ കോൺഗ്രസിൽ നിർണ്ണായക ഘട്ടത്തിലേക്ക്. എഐസിസി നിയോഗിച്ച കേന്ദ്ര നിരീക്ഷകർ ഇന്ന് സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായും നിയുക്ത എംഎൽഎമാരുമായും വിശദമായ കൂടിക്കാഴ്ചകൾ നടത്തി. എന്നാൽ, ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പ്രധാന നേതാക്കൾക്കായി അണികൾ തെരുവിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നത് പാർട്ടിയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

കേന്ദ്ര നിരീക്ഷകരായ മുകൾ വാസനിക്, അജയ് മാക്കൻ എന്നിവർ ഇന്ന് രാവിലെ മുതൽ തന്നെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എ.കെ ആന്റണിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ട നിരീക്ഷകർ, തുടർന്ന് പി.ജെ കുര്യൻ, വി.എം സുധീരൻ എന്നിവരുമായും ചർച്ചകൾ നടത്തി. വി.ഡി സതീശനെയും നിരീക്ഷകർ പ്രത്യേകം വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി ഉൾപ്പെടെയുള്ളവരും ഈ ചർച്ചകളിൽ ഭാഗമായി.


മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ നിയുക്ത എംഎൽഎമാരുടെ യോഗം ചേർന്നു. ഓരോ എംഎൽഎമാരുടെയും അഭിപ്രായങ്ങൾ നിരീക്ഷകർ നേരിട്ട് കേൾക്കുകയും അവ രേഖാമൂലം എഴുതി വാങ്ങുകയും ചെയ്തു. ഈ റിപ്പോർട്ടായിരിക്കും ഹൈക്കമാൻഡിന് കൈമാറുന്നത്. രാവിലെ മുതൽ തന്നെ എംഎൽഎമാരും അവരുടെ അനുയായികളും ഇന്ദിരാഭവനിലേക്ക് എത്തിയത് വലിയ തിരക്കിനും ആവേശത്തിനും കാരണമായി.


മുഖ്യമന്ത്രി ചർച്ചകൾക്കിടയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെടുന്നത് നേതൃത്വത്തിന് വലിയ തലവേദനയാകുന്നുണ്ട്. വി.ഡി സതീശനെയും കെ.സി വേണുഗോപാലിനെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് അണികൾ ഫ്ലക്സ് ബോർഡുകൾ ഉയർത്തിയത്. തിരുവനന്തപുരത്തിന് പുറമെ കണ്ണൂർ, തൃശൂർ ജില്ലകളിലും ഇത്തരം ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കെ.സി വേണുഗോപാലിന് 50-ലധികം എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അദ്ദേഹത്തിന്റെ അനുയായികൾ അവകാശപ്പെടുമ്പോൾ, സതീശനെ പിന്തുണച്ചും വലിയൊരു വിഭാഗം രംഗത്തുണ്ട്.


മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കൾക്കിടയിൽ നടക്കുന്ന പരസ്യമായ അവകാശവാദങ്ങളിലും ഫ്ലക്സ് യുദ്ധത്തിലും എഐസിസി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. കേരളത്തിലെ ജനങ്ങൾ കോൺഗ്രസിന് അനുകൂലമായ നിലപാട് സ്വീകരിച്ച ഈ സാഹചര്യത്തിൽ ഇത്തരം പോരടികൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിലയിരുത്തുന്നു. അനാവശ്യമായ തർക്കങ്ങൾ ഒഴിവാക്കണമെന്ന് ദേശീയ നേതൃത്വം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.


എംഎൽഎമാരുമായുള്ള കൂടിക്കാഴ്ച ഇന്ന് പൂർത്തിയാകുന്നതോടെ നിരീക്ഷകർ ഡൽഹിയിലേക്ക് മടങ്ങും. തുടർന്ന് ഇവർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധി ആയിരിക്കും മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories