‘മോളിവുഡ് ടൈംസ്’ എന്ന സിനിമയ്‌ക്കെതിരെ സെന്‍സര്‍ ബോര്‍ഡ് ഉന്നയിച്ച പരാതികള്‍ ശരിവെച്ച് പൊലീസ് രംഗത്ത്. കൃത്യമായ സെന്‍സറിങ് നടപടിക്രമങ്ങള്‍ പാലിക്കാതെയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും സിനിമ എട്ട് ദിവസത്തോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവെന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ട അശ്ലീല ഭാഗങ്ങളും സംഭാഷണങ്ങളും നീക്കം ചെയ്യാതെയാണ് സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്ത അശ്ലീല ഡയലോഗുകള്‍ അതേപടി തിയേറ്ററുകളില്‍ കേള്‍പ്പിച്ചു എന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്.
റീജിയണല്‍ സെന്‍സര്‍ ഓഫീസര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസില്‍ അന്വേഷണം നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പൊലീസ് വിശദമായ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് വിവരം.