കൊച്ചി: നടന്‍ ബാലു വര്‍ഗീസിനെതിരെ ഗുരുതരമായ ആരോപണവുമായി യുവതി രംഗത്ത്. അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാരോപിച്ചാണ് യുവതി നടന് വക്കീല്‍ നോട്ടീസ് അയച്ചത്. നീന്തല്‍ക്കുളത്തില്‍ വെച്ച് ബലമായി ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതിയില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്ന ആക്ഷേപം. ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം അബദ്ധം പറ്റിയെന്ന വാദമുയര്‍ത്തുകയാണ് നടന്‍ ചെയ്തതെന്നുമാണ് ആരോപണം.സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള മാപ്പപേക്ഷയും, ഇനി ഇത്തരം പെരുമാറ്റങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന രേഖാമൂലമുള്ള ഉറപ്പും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി വക്കീല്‍നോട്ടീസ് അയച്ചിരിക്കുന്നത്.നീന്തല്‍ക്കുളത്തില്‍ വെച്ച് അപമര്യാദയായ പെരുമാറ്റം ഉണ്ടായ ഉടന്‍ തന്നെ യുവതി ഇതിനെ ശക്തമായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു അന്ന് ബാലു വര്‍ഗീസ് നല്‍കിയ മറുപടി. താന്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്തതോടെ ബാലു ക്ഷമ ചോദിക്കാന്‍ തയാറായി. അവിടെനിന്ന് മടങ്ങിയ യുവതി ഉടന്‍ തന്നെ തനിക്കുണ്ടായ മോശം അനുഭവം ഭര്‍ത്താവിനോട് വിശദീകരിക്കുകയായിരുന്നു.
തുടര്‍ന്ന് തൊട്ടടുത്ത ദിവസം യുവതിയുടെ ഭര്‍ത്താവ് നേരിട്ട് ബാലു വര്‍ഗീസുമായി സംസാരിച്ചു. എന്നാല്‍ അപ്പോഴും അബദ്ധത്തില്‍ കൈ തട്ടിയതാണെന്ന പഴയ ന്യായീകരണം തന്നെയാണ് താരം ആവര്‍ത്തിച്ചത്. എന്നാല്‍ അത് യാദൃശ്ചികമായോ അബദ്ധത്തിലോ സംഭവിച്ചതല്ലെന്നും, വളരെ ബലമായിട്ടാണ് ബാലു പിടിച്ചതെന്നും പരാതിക്കാരി വ്യക്തമാക്കി. അത്തരമൊരു പ്രവൃത്തി ഒരിക്കലും അബദ്ധമാകാന്‍ വഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ വർഷം മാർച്ചിൽ ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ബാലുവിൽനിന്ന് മോശം അനുഭവമുണ്ടായതായി മറ്റൊരു യുവതിയും വെളിപ്പെടുത്തിയതായി 'ദി ന്യൂസ് മിനിറ്റ്' റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആളുകൾ ചുറ്റുമുള്ള സ്ഥലങ്ങളിലാണ് ഇത്തരം സംഭവങ്ങൾ നടന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
മറ്റൊരു യുവതിയും സമാന അനുഭവം വെളിപ്പെടുത്തിയിട്ടുണ്ട്. സഹപ്രവർത്തകരും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ ബാലു മോശമായി പെരുമാറിയെന്നാണ് ആരോപണം. വിസമ്മതിച്ചിട്ടും പിന്മാറാൻ തയ്യാറായില്ലെന്നും, 'തന്നെ ഭയമാണോ', എന്ന് ബാലു ചോദിച്ചതായും ഇവർ പറഞ്ഞു. മറ്റൊരു സ്ത്രീയും അതേ ചടങ്ങിൽ വെച്ച് ബാലു അനുമതിയില്ലാത്ത ശരീരത്തിൽ സ്പർശിച്ചതായി വെളിപ്പെടുത്തി. നോട്ടീസിന് ബാലുവിൽനിന്ന് മറുപടി ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരി വ്യക്തമാക്കി.