Share this Article
News Malayalam 24x7
ആരോഗ്യമന്ത്രി എല്ലാം നിസാരവത്കരിക്കുന്നു, രാജി വയ്ക്കണമെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ മുൻ മന്ത്രിമാർ; പുല്ലു വിലയെന്ന് മുരളീധരൻ
വെബ് ടീം
1 hours 49 Minutes Ago
1 min read
k muralidharn

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ അവസ്ഥ പരിതാപകാരമെന്നും പൊതു ജനരോഗ്യ മേഖല തകർന്നു പോകുമോ എന്ന് ഭയമുണ്ടെന്നും  വകുപ്പ് മന്ത്രി കെ മുരളീധരനെതിരെയും ആരോപണവുമായി മുൻ ഇടത് മന്ത്രിസഭകളിലെ ആരോഗ്യമന്ത്രിമാർ. കെ മുരളീധരനെതിരെ രൂക്ഷമായ വിമർശനമാണ് പി കെ ശ്രീമതിയും കെ കെ ശൈലജയും വീണ ജോർജും ഉന്നയിച്ചത്. ആരോഗ്യവകുപ്പിനെ നിസാരമായാണ് മന്ത്രി കണ്ടതെന്ന് പി കെ ശ്രീമതി ആരോപിച്ചു. എസ്എംഎ മരുന്നിനെച്ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വാർത്താസമ്മേളനം.നിസ്സാരം എന്ന മട്ടിൽ ആണ് കെ മുരളീധരൻ ആരോഗ്യ വകുപ്പ് ചുമതല ഏറ്റെടുത്തതെന്ന് പികെ ശ്രീമതി ആരോപിച്ചു. എല്ലാവർക്കും അഭിമാനിക്കാവുന്ന നേട്ടങ്ങൾ കഴിഞ്ഞ് പത്ത് കൊല്ലം ആരോഗ്യരംഗത്ത് ഉണ്ടായിരുന്നു. മന്ത്രിമാർ മരുന്ന് കമ്പനികളുടെ ഏജൻ്റുമാരെ കാണാൻ പാടില്ല. കമ്പനി പ്രതിനിധികളെ കൂട്ടികൊണ്ട് വന്നത് എസ്എറ്റി സൂപ്രണ്ടാണ്. ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്. എൽഡിഎഫ് കാലത്ത് ഒരു ഏജൻ്റും മന്ത്രിമാരെ കണ്ടിട്ടില്ല. പിന്നെ എന്തിനാണ് കെഎംഎസ്‍സിഎൽ എന്നും പി കെ ശ്രീമതി ചോദിച്ചു. ലാഘവത്തോടെ കൈകാര്യം ചെയ്യാൻ പറ്റുന്ന ഒന്നല്ല ആരോഗ്യ വകുപ്പ് എന്ന് മുരളീധരൻ മനസ്സിലാക്കണം. എസ്എംഎ മരുന്നു വിവാദത്തിൽ ആരോഗ്യ വകുപ്പിന് തെറ്റുപറ്റി. അന്വേഷണം വേണം എന്ന് പികെ ശ്രീമതി ആവശ്യപ്പെട്ടു. എസ്എംഎ രോഗികളായ കുട്ടികളെ പരീക്ഷണത്തിന് വിധേയമാക്കി.പൊതു ജനരോഗ്യ മേഖല തകർന്നു പോകുമോ എന്ന് ഭയമുണ്ടെന്ന് കെകെ ശൈലജ ചൂണ്ടിക്കാട്ടി. രക്ഷിതാക്കളെ സർക്കാർ കാര്യങ്ങൾ ബോധ്യപ്പെടുത്തണം. മരുന്ന് ക്വാളിറ്റി ചെക്കിംഗ് പരിശോധന സംവിധാനം ദുർബലമായി എന്നും ശൈലജ ആരോപിച്ചു. ബയോ ഐക്യുലൻസ് ടെസ്റ്റ് നടത്തിയിട്ടുണ്ടോ എന്ന് വെളിപ്പെടുത്തണം. ക്ലിനിക്കൽ ട്രയൽ മരുന്ന് എങ്ങനെ കൊടുത്തു എന്ന് അന്വേഷിക്കണം. ടാസ്ക് ഫോഴ്സ് അംഗങ്ങളെ കുറിച്ച് ആശങ്ക ഉണ്ട്. സ്വകാര്യ മേഖലയെ കൈപിടിച്ച് കൊണ്ട് വരാനുള്ള ശ്രമമാണെന്നും ആരോഗ്യ മേഖലയെ സ്വകാര്യ മേഖലയ്ക്ക് തീറ് എഴുതാൻ ഉള്ള ശ്രമമാണെന്നും ശൈലജ കുറ്റപ്പെടുത്തി. പൊതുജനാരോഗ്യമേഖലയെ തകർക്കാൻ ആണ് ശ്രമം എങ്കിൽ അതി ശക്തമായ സമരം നടത്തും. സമർപ്പിക്കാൻ പോകുന്ന ടാസ്ക് ഫോഴ്സ് റിപ്പോർട്ട് ആരോഗ്യ മേഖലയെ തകർക്കാൻ ആണോ എന്ന് ആശങ്കയുണ്ട്.

മരുന്ന് പരീക്ഷണത്തിന് വിധേയമാക്കുന്നുവെന്നത് മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുൻ ആരോ​ഗ്യമന്ത്രി വീണ ജോർജും പ്രതികരിച്ചു. ടെക്നിക്കൽ കമ്മിറ്റി ജനറിക് മരുന്ന് പരിഗണിക്കാം എന്ന് റിപ്പോർട്ട് ചെയ്തു. ഭരണമാറ്റത്തിന് ശേഷം സെപ്റ്റംബറിൽ ആണ് ടെൻഡർ ചെയ്തത്. ടെക്നിക്കൽ ഇവാല്യൂവേഷൻ നടന്നിട്ടില്ല. നടന്നിട്ടുണ്ട് എങ്കിൽ തെളിവ് ഹാജരാക്കണം. സാമ്പിൾ രേഖപ്പെടുത്തിയ പാക്കറ്റിൽ കെഎംഎസ്‍സിഎൽ പേരില്ല. രക്ഷിതാക്കളെ പാക്കറ്റ് തിരിച്ച് കൊടുക്കാൻ ഭീഷണിപ്പെടുത്തിയെന്നും വീണ ജോർ‌ജ് ആരോപിച്ചു. മന്ത്രിയെന്ന നിലയിൽ നാറ്റ്കോയുമായി ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല. ടാസ്ക് ഫോഴ്സ് പ്രസൻ്റേഷൻ തയാറാക്കിയത് കമ്പനികൾ എന്നും വീണ ജോർജ് പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കണം അതാണ് പ്രധാനം. കൃത്യമായ അനുമതികൾ ഉണ്ടെങ്കിൽ അത് പുറത്ത് വിടണമെന്നും വീണ ജോർജ് പറഞ്ഞു.

മൊഴികൾ സംബന്ധിച്ച് ഇപ്പോൾ വന്ന ഒരു കാര്യവും അറിയില്ലെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു. ടാസ്ക് ഫോഴ്‌സ് ആരോപണത്തിൽ നിന് ശ്രദ്ധ തിരിക്കാൻ ഉള്ള ശ്രമമാണ്. സുരേഷ് ബാബുവിനെതിരായ ആരോപണത്തിൽ, പാർട്ടിയിൽ പരാതി ലഭിച്ചതായി അറിയില്ല. കുത്തി കുത്തി ചോദിക്കാൻ ഇല്ലെന്നും പാർട്ടി സെക്രട്ടറി തങ്ങളോട് ഒന്നും പറഞ്ഞിട്ടില്ലെന്നും പി കെ ശ്രീമതി പറഞ്ഞു. സത്യം ഉയർത്ത് എഴുന്നേൽക്കും എന്നായിരുന്നു വീണാ ജോർജിന്റെ പ്രതികരണം. പി പി ദിവ്യ പറഞ്ഞത് അറിയല്ലെന്ന് പറഞ്ഞ ശ്രീമതി, ദിവ്യ പാർട്ടിയുടെ ഭാഗമാണെന്നും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിച്ച് തിരിച്ച് വരുമെന്നും ചൂണ്ടിക്കാട്ടി.

അതേസമയം, ആരോപണങ്ങളോട് പ്രതികരിച്ച കെ. മുരളീധരൻ, മുന്‍ ആരോഗ്യമന്ത്രിമാരുടെ ആരോപണങ്ങള്‍ക്ക് പുല്ലുവിലയാണെന്ന് രൂക്ഷമായി പ്രതികരിച്ചു. ആരോഗ്യവകുപ്പ് നശിപ്പിച്ചതല്ലാതെ ഇത്രയും കാലം ഭരിച്ചിട്ട് ഒന്നും ചെയ്യാത്തവരാണിവര്‍. മൂന്നുപേരും സ്വസ്ഥമായി വിശ്രമിക്കൂവെന്നും ആരോഗ്യവകുപ്പിലെ കാര്യം താന്‍ തന്നെ അഞ്ചുകൊല്ലം നോക്കുമെന്നും മുരളീധരന്‍ പരിഹസിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories