തിരുവനന്തപുരം നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി യുവതി. പ്രസവത്തിന് പിന്നാലെ തുന്നിക്കെട്ടിയത് ശരിയായ രീതിയില്‍ അല്ലെന്നും ഇതുമൂലം വിവിധ ആശുപത്രികളിലായി മൂന്ന് ശസ്ത്രക്രിയ ചെയ്തുവെന്നുമാണ് വിതുര സ്വദേശി ഹസ്‌ന ഫാത്തിമയുടെ ആരോപണം. പ്രസവത്തിന് ശേഷം തുന്നിക്കെട്ടിയതിലുള്ള പിഴവുമൂലം മലബന്ധം ഉണ്ടായെന്നും തുന്നിയ ഭാഗത്തിലൂടെ മലം വരുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായെന്നുമാണ് യുവതിയുടെ പരാതി. മലം പോകാതെ വയറ്റില്‍ കെട്ടി കിടന്നു അണുബാധയായി. നിലവില്‍ മലം പുറം തള്ളുന്നത് ട്യൂബിലൂടെയാണ്. പ്രസവത്തിനു ശേഷം 7 മാസമായി ദുരിതമനുഭവിക്കുകയാണ്.
പ്രസവത്തെ തുടര്‍ന്ന് എപ്പിസിയോട്ടമി ഇട്ടതില്‍ ഡോക്ടര്‍ക്ക് കൈപിഴവെന്നാണ് യുവതിയുടെ ആരോപണം. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കി. മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞതാണ് പ്രശ്‌നത്തിന് കാരണമെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി. പിഴവ് മറച്ചു വെച്ച ഡോക്ടര്‍, മുറിവ് തുന്നിക്കെട്ടി പ്രസവം പൂര്‍ത്തിയാക്കി വാര്‍ഡിലേക്ക് മാറ്റിയെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തിന് പിന്നാലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും യുവതി ചികിത്സ തേടി കോസ്റ്റോമി ശസ്ത്രക്രിയയും പ്ലാസ്റ്റിക് സര്‍ജറിയും ചെയ്തു. ഇനിയും രണ്ട് ശസ്ത്രക്രിയകള്‍ കൂടി ചെയ്യാനുണ്ട്. ഇതുവരെ ചികിത്സയ്ക്ക് മാത്രമായി ചിലവായത് 6 ലക്ഷം രൂപയാണെന്നും കുടുംബം പറയുന്നു. അതേസമയം, സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.