Share this Article
News Malayalam 24x7
സൗദി അറേബ്യയിലേക്ക് പോയ ചരക്ക്കപ്പല്‍ കൊല്ലം തീരത്ത് അടുപ്പിച്ചു
International Cargo Vessel En Route to Saudi Arabia Docks at Kollam Port, Kerala

പശ്ചിമേഷ്യയിലെ യുദ്ധസംഘർഷങ്ങളെത്തുടർന്ന് ഹോങ്കോങ്ങിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോയ ചരക്കുകപ്പൽ കൊല്ലം തീരത്തടുപ്പിച്ചു. ഹോങ്കോങ്ങിൽ നിർമാണം പൂർത്തിയാക്കി സൗദിയിലേക്ക് മടങ്ങുകയായിരുന്ന വെസലാണ് സുരക്ഷിത ഇടം തേടി കൊല്ലത്തെത്തിയത്.

ഇന്ന് രാവിലെ പത്തര മണിയോടെയാണ് കപ്പൽ കൊല്ലം പോർട്ടിന് സമീപം നങ്കൂരമിട്ടത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കപ്പലിന് കൊല്ലത്ത് അടുക്കാൻ അനുമതി നൽകിയത്. പന്ത്രണ്ട് ജീവനക്കാരാണ് കപ്പലിലുള്ളത്. ഇവർ എല്ലാവരും വിദേശികളാണ്.


നിലവിൽ കപ്പലിലുള്ളവർക്ക് പുറത്തിറങ്ങാൻ അനുമതിയില്ല. ഇമിഗ്രേഷൻ, കസ്റ്റംസ് വിഭാഗങ്ങളുടെ പരിശോധനകൾ പൂർത്തിയായാൽ മാത്രമേ ജീവനക്കാർക്ക് കരക്കിറങ്ങാൻ സാധിക്കൂ. പരിശോധനകൾക്ക് ശേഷം ഇവർക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കുന്ന കാര്യം ജില്ലാ ഭരണകൂടം പരിഗണിക്കുന്നുണ്ട്.


യുദ്ധസംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലേക്ക് പോകുന്ന കൂടുതൽ കപ്പലുകൾ വരും ദിവസങ്ങളിൽ കൊല്ലം തീരത്ത് എത്താൻ സാധ്യതയുണ്ടെന്ന് പോർട്ട് അധികൃതർ സൂചിപ്പിച്ചു. നിലവിൽ എണ്ണയും മറ്റു ചരക്കുകളും കയറ്റി മടങ്ങുന്ന കപ്പലുകൾക്ക് കൊല്ലം സുരക്ഷിതമായ താവളമായി മാറുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories