Share this Article
News Malayalam 24x7
പൊലീസ് സ്റ്റേഷനിൽ സിഐയെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ചു, നാല് തുന്നൽ, കണ്ടന്റ് ക്രിയേറ്റർ കസ്റ്റഡിയിൽ
വെബ് ടീം
posted on 05-07-2026
1 min read
ci

കൊല്ലം: ആര്യനാട് പൊലീസ് സ്റ്റേഷനിൽ കയറി സർക്കിൾ ഇൻസ്പെക്ടറുടെ തല ഇരുമ്പ് കസേര കൊണ്ട് അടിച്ചുപൊട്ടിച്ച സംഭവത്തിൽ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർ കസ്റ്റഡിയിൽ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും നിരവധി ഫോളോവേഴ്‌സുള്ള കുളപ്പട സ്വദേശി യദുകൃഷ്ണനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സിഐയുടെ തലയിൽ നാല് തുന്നലുകളുണ്ട്.

മാനസിക വെല്ലുവിളികളെ തുടർന്ന് ചികിത്സയിലായിരുന്ന യദുകൃഷ്ണൻ ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ കൈയിൽ മദ്യക്കുപ്പിയുമായി ആര്യനാട് സ്റ്റേഷനിലെത്തിയ ഇയാൾ പോലീസുകാരോട് മോശമായി പെരുമാറുകയും സ്റ്റേഷനകത്ത് വെച്ച് മദ്യക്കുപ്പി അടിച്ചുപൊട്ടിക്കുകയുമായിരുന്നു. പ്രതി കടുത്ത മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അതിക്രമം കാട്ടിയ ഇയാളെ പിടികൂടാൻ ശ്രമിച്ചതോടെ പ്രതി സ്റ്റേഷന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ സിഐയെ അവിടെയുണ്ടായിരുന്ന ഇരുമ്പ് കസേര എടുത്ത് പ്രതി ക്രൂരമായി ആക്രമിക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തുന്നതിന് മുൻപ് പരിസരപ്രദേശങ്ങളിലെ ചില കടകളിലും യദുകൃഷ്ണൻ സമാനമായ രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായി പോലീസ് അറിയിച്ചു. പരിക്കേറ്റ സിഐ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories