കൊട്ടാരക്കര നീലേശ്വരത്ത് സ്കൂൾ വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറി അപകടത്തിന് കാരണം അമിത വേഗതയും ഡ്രൈവറുടെ ഫോൺ ഉപയോഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്തിമ റിപ്പോർട്ട്. അപകടം നടക്കുന്ന സമയത്ത് ടിപ്പർ ഡ്രൈവർ നിസാം മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്നുവെന്ന് കൊല്ലം എൻഫോഴ്സ്മെന്റ് ആർടിഒ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ച സംയുക്ത അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡ്രൈവറുടെ കോൾ ഡീറ്റെയിൽസ് റെക്കോർഡുകൾ (CDR) പരിശോധിച്ചതിൽ നിന്നാണ് അപകടസമയത്ത് ഇയാൾ ഫോണിൽ സംസാരിക്കുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്.
കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുമ്പോൾ പാലിക്കേണ്ട യാതൊരുവിധ വേഗപരിധിയും ടിപ്പർ ലോറി പാലിച്ചിരുന്നില്ല. ജിപിഎസ് (GPS) വിവരങ്ങൾ പരിശോധിച്ചപ്പോൾ അപകടസമയത്ത് ലോറിയുടെ വേഗത മണിക്കൂറിൽ 56 കിലോമീറ്ററിലധികമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ആർടിഒ, കൊട്ടാരക്കര എസ്എച്ച്ഒ, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംയുക്ത സംഘമാണ് അപകടസ്ഥലത്ത് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്.
അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളിൽ ഒരാൾ ഇപ്പോഴും ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരിക്കേറ്റ ടിപ്പർ ഡ്രൈവർ നിസാം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ തുടരുകയാണ്.
കൃത്യമായ പരിശോധനകൾ നടത്താതെ 17 വർഷത്തോളം പഴക്കമുള്ള ടിപ്പർ ലോറിക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ കരുനാഗപ്പള്ളി സബ് ആർടിഒയിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുധിൻ ഗോപി, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശരത് എസ്. കുമാർ എന്നിവരെ ഗതാഗത വകുപ്പ് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ജൂൺ 23-നാണ് കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ് ഉൾപ്പെടെ മൂന്ന് പേരുടെ ജീവൻ കവർന്ന ദാരുണമായ അപകടമുണ്ടായത്.