Share this Article
News Malayalam 24x7
പീഡിപ്പിച്ചെന്ന് 13 കാരിയുടെ വ്യാജ ആരോപണം; ബൈപാസ് സർജറി കഴിഞ്ഞ യുവാവിന് പൊലീസിന്റെ ക്രൂരമർദനം
വെബ് ടീം
1 hours 55 Minutes Ago
1 min read
FAKE

പത്തനംതിട്ട: പതിനൊന്ന് പേരോളം പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ വ്യാജ ആരോപണത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇരുപതുകാരന് ക്രൂരമർദനമേറ്റതായി പരാതി. 2 വർഷം മുൻപ് ബൈപാസ് സർജറി കഴിഞ്ഞ യുവാവിനാണ് കൂടൽ പൊലീസിന്റെ മർദനമേറ്റത്. പൊലീസ് ക്വാർട്ടേഴ്സിൽ എത്തിച്ച ശേഷം തറയിൽ മുട്ടുകുത്തി ഇരുത്തിക്കുകയും കാൽവെള്ളയിൽ ചൂരൽ കൊണ്ട് തുടരെ അടിക്കുകയും ചെയ്തുവെന്നും യുവാവ് പറഞ്ഞു.

യുവാവിന്റെ സഹോദരനെയാണ് ആദ്യം ആളുമാറി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നീട് വിട്ടയച്ചു. 3ന് രാത്രി കസ്റ്റഡിയിൽ എടുത്ത ഇരുപതുകാരനെ അടുത്ത ദിവസം വൈകിട്ടാണ് വിട്ടയച്ചത്. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഉൾപ്പെടെ പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന പരാതിയിൽ കൂടൽ പൊലീസ് കേസെടുത്തിരുന്നു. സ്കൂളിലും സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലും സ്കൂളിലെ ശുചിമുറിയിലും തന്നെ പീഡിപ്പിച്ചെന്നാണ് വിദ്യാർഥിനി മൊഴി നൽകിയത്. 11 പേർക്കെതിരെയായിരുന്നു മൊഴി. ഇതനുസരിച്ച് മറ്റൊരു പെൺകുട്ടി ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത 6 പേരെ രക്ഷാകർത്താക്കളുടെ സാന്നിധ്യത്തിൽ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി പ്രാഥമിക വൈദ്യ പരിശോധനയിൽ കണ്ടെത്തിയില്ല. ഇതോടെ സഹപാഠികളെ വിട്ടയച്ചു.

ചൈൽഡ് ലൈനിലേക്കു വിളിച്ചാണു കുട്ടി ആദ്യം പീഡനവിവരം പറഞ്ഞത്. വിവരങ്ങൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിക്കുകയും കേസ് പൊലീസിനു നൽകുകയുമായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories