വാടാനപ്പള്ളി/മതിലകം: വഴിയിൽ കണ്ട അസ്വാഭാവിക സംഭവത്തിൽ പൊതുജനം കാണിച്ച ജാഗ്രതയ്ക്കും, അതിനോട് മിന്നൽ വേഗത്തിൽ പ്രതികരിച്ച പോലീസിന്റെ കൃത്യനിഷ്ഠയ്ക്കും ഒടുവിൽ ശുഭപര്യവസാനം. ചേറ്റുവയിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതായി ലഭിച്ച അടിയന്തര വിവരത്തിന്റെ അടിസ്ഥാനത്തിൽ, വാഹനം പിന്തുടർന്ന് കണ്ടെത്തി തടഞ്ഞുനിർത്തിയാണ് പോലീസ് മാതൃകാപരമായ സുരക്ഷാ ഇടപെടൽ നടത്തിയത്. വിശദമായ അന്വേഷണത്തിൽ ഇത് ദമ്പതികൾ തമ്മിലുള്ള വാക്കുതർക്കമായിരുന്നെന്നും തട്ടിക്കൊണ്ടുപോകൽ ശ്രമമല്ലെന്നും പോലീസ് സ്ഥിരീകരിച്ചു.ഉച്ചയ്ക്ക് 01:45-ഓടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചേറ്റുവ എം.ഇ.എസ് ജംഗ്ഷന് സമീപത്ത് നിന്നും പോക്കുളങ്ങര ഭാഗത്തേക്ക് പോവുകയായിരുന്ന കാറിനുള്ളിലിരുന്ന് ഒരു യുവതി കരയുന്നത് ചേറ്റുവ സ്വദേശിയായ ഷാനവാസ് എന്നയാൾ കാണാനിടയായി. വണ്ടിയുടെ നമ്പർ ശ്രദ്ധിച്ച അദ്ദേഹം ഉടൻ തന്നെ വിവരം വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ പോലീസ് ഉണർന്നു പ്രവർത്തിച്ചു. ഇതേതുടർന്ന് സമീപ സ്റ്റേഷനുകളിലേക്ക് ഉൾപ്പെടെ അടിയന്തര സന്ദേശം കൈമാറുകയും ഊർജ്ജിതമായ തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. തുടർന്ന് ഉച്ചയ്ക്ക് 02:40-ഓടെ മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിഞ്ഞനത്തു വെച്ച് പോലീസ് വാഹനം കണ്ടെത്തി തടഞ്ഞുനിർത്തുകയും ചെയ്തു. പരിശോധനകൾക്കായി വാഹനം ഉടൻ തന്നെ മതിലകം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കാറിലുണ്ടായിരുന്നത് പത്തനംതിട്ട സ്വദേശികളായ ദമ്പതികളാണെന്ന് വ്യക്തമായത്. ഗുരുവായൂരിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികൾ യാത്രയ്ക്കിടയിൽ കാറിനുള്ളിൽ വെച്ച് പരസ്പരം വാക്കുതർക്കത്തിൽ ഏർപ്പെടുകയും, ഇതിനിടയിൽ യുവതി ശബ്ദമുയർത്തി സംസാരിച്ചതുമാണ് തട്ടിക്കൊണ്ടുപോകലാണെന്ന രീതിയിലുള്ള സംശയത്തിന് ഇടയാക്കിയതെന്ന് ദമ്പതികൾ പോലീസിനോട് വ്യക്തമാക്കി.ആദ്യം ലഭിച്ച കാറിന്റെ രജിസ്ട്രേഷൻ നമ്പറിൽ ചെറിയൊരു പിഴവുണ്ടായിരുന്നിട്ടും (യഥാർത്ഥ നമ്പർ: KL 26 Q 2555), ഒട്ടും സമയം കളയാതെ പോലീസ് നടത്തിയ സത്വര ഇടപെടലാണ് വാഹനം പെട്ടെന്ന് തന്നെ കണ്ടെത്താൻ സഹായിച്ചത്. പൊതുജനങ്ങളുടെ ജാഗ്രതയും പോലീസിന്റെ അതിവേഗത്തിലുള്ള നീക്കവും ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ എത്രത്തോളം ഫലപ്രദമാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ സംഭവം.