കണ്ണൂർ: അറുപത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വര്‍ണ്ണക്കപ്പുമായി കലാപ്രതിഭകള്‍ കണ്ണൂരിൻ്റെ മണ്ണിലെത്തി. ജില്ലാ അതിര്‍ത്തിയായ മാഹിയില്‍ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചു.
കണ്ണൂരിൻ്റെ അഭിമാനകരമായ ഭൂതകാല ചരിത്രവും സാംസ്‌കാരിക സാമൂഹിക വൈജ്ഞാനിക പ്രബുദ്ധതയും വിളംബരം ചെയ്തുകൊണ്ടാണ് കണ്ണൂര്‍ സ്വര്‍ണകിരീടം കരസ്ഥമാക്കിയത്. വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും സമര്‍പ്പണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു.
തലശേരി എം.ജി. റോഡ് പരിസരത്തും ടീമിന് വരവേല്‍പ്പ് നല്‍കി. വിവിധ വിദ്യാലയങ്ങളിലെ ബാൻ്റ് മേളങ്ങളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെയാണ് വിജയികളെ സ്വീകരിച്ചത്. പടക്കം പൊട്ടിച്ചും കപ്പിന് ഹാരാര്‍പ്പണം നടത്തിയും നഗരം വിജയാഘോഷത്തില്‍ പങ്കുചേര്‍ന്നു. നഗരസഭാ അംഗങ്ങള്‍, അദ്ധ്യാപകര്‍, വ്യാപാരി സംഘടനകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.